സോഷ്യല്‍ മീഡിയയിലെ ആ വാര്‍ത്ത തെറ്റ്; സുഷമ സ്വരാജ്

ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിക്കപ്പെട്ട വാര്‍ത്ത തള്ളി മുതിര്‍ന്ന ബി.ജെ.പി നേതാവും വിദേശ കാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ്. ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട സുഷമയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ട്വീറ്റ് ചെയ്തതിന് ശേഷമാണ് അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് സുഷമ രംഗത്തെത്തിയത്.

”വിദേശകാര്യമന്ത്രി പദവിയില്‍ നിന്ന് രാജി വെയ്ക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, ഇതു മതിയായിരുന്നു ട്വിറ്ററിന് തന്നെ ആന്ധ്രാപ്രദേശിലെ ഗവര്‍ണറായി നിയമിക്കാന്‍” – സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

‘ആന്ധ്രപ്രദേശിന്റെ ഗവര്‍ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവും, മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന് എന്റെ അഭിനന്ദനങ്ങള്‍’- എന്നായിരുന്നു ഹര്‍ഷ് വര്‍ധന്റെ ട്വീറ്റ്. എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിരുന്നു

മന്ത്രിയുടെ ട്വീറ്റിന് പിന്നാലെ സുഷമയ്ക്ക് അഭിന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഹരിയാന സര്‍ക്കാറിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് അംഗവും, ദല്‍ഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു സുഷമ. ഒന്നാം മോദി സര്‍ക്കാറില്‍ ഏറ്റവും കൂടുതല്‍ പ്രശംസ നേടിയതും സുഷമ കൈകാര്യം ചെയ്ത വിദേശകാര്യ വകുപ്പിനായിരുന്നു.