എം ശിവശങ്കറിന്റെ കള്ളം പൊളിക്കാൻ സുഹൃത്തിനെ ഒപ്പം ഇരുത്തി ചോദ്യം ചെയ്യും

കൊച്ചി. ലൈഫ് മിഷൻ അഴിമതിക്കേസിൽ എം ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാൽ അയ്യർ ഇഡിക്ക് മുന്നിൽ ഹാജരായി. ഇദ്ദേഹത്തെ ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. ഹാജരാകാൻ നേരത്തേ നോട്ടീസ് നൽകിയിരുന്നു. ലോക്കറിനെക്കുറിച്ച് അറിയില്ലെന്ന ശിവശങ്കറിന്റെ വാദം പൊളിക്കാനായാണ് ഇഡിയുടെ ഈ നീക്കം.

ലൈഫ് മിഷൻ കോഴ ഇടപാടിനെക്കുറിച്ച്‌ ശിവശങ്കറിനു മാത്രം അറിയാവുന്ന രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനാണ് അറസ്റ്റിലായ അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നത്. ഒഴിഞ്ഞുമാറുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ലൈഫ് മിഷൻ ഭവനപദ്ധതിക്ക് വേണ്ടി വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മാണക്കരാർ അനുവദിക്കാൻ യൂണിടാക്‌ ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനിൽ നിന്ന് 4.5 കോടി രൂപ കോഴവാങ്ങിയതാണ് കേസിനാധാരം.

പദ്ധതിക്കായി​ യുഎഇയിലെ റെഡ്‌ക്രെസന്റ് സംഭാവന ചെയ്ത തുകയി​ലാണ് തി​രി​മറി​ നടത്തി​യത്. കരാർ യൂണിടാക്കി​ന് നൽകാൻ മറ്റുപ്രതികളുമായി ചേർന്ന്‌ ഗൂഢോലോചന നടത്തിയതിലും കോഴ ഇടപാടിലും ശിവശങ്കറിന്‌ പങ്കുള്ളതായി തെളിവുണ്ട്. ഇതു സംബന്ധിച്ച് സ്വപ്ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും മൊഴി​കളുണ്ട്. യൂണിടാക്‌ സ്വപ്‌നയ്ക്ക് നൽകിയ ഐ ഫോണുകളിലൊന്ന് ശിവശങ്കറിന് കിട്ടിയിരുന്നു.