വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ലണ്ടന്‍ഡെറി. വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ഡെറി കൗണ്ടിയിലെ ഇനാഗ് ലോഗ് തടാകത്തിലാണ് അപകടം നടന്നത്. കണ്ണൂര്‍, എരുമേലി സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ട് മരിച്ചത്.

16 വയസ്സുള്ള ആണ്‍കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഇരുവരും കൊളംബസ് കോളേജ് വിദ്യാര്‍ഥികളാണ്. കുട്ടികളുടെ അമ്മമാര്‍ ലണ്ടന്‍ഡെറിയില്‍ നെഴ്‌സായി ജോലി ചെയ്തുവരുകയാണ്. ഒരാള്‍ സംഭവസ്ഥലത്ത് വച്ചും മറ്റൊരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. കൂടത്തില്‍ ഉണ്ടായിരുന്ന കുട്ടി ബഹളം വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഒരു കുട്ടി മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കുവാന്‍ നോക്കുന്നതിനിടെയാണ് രണ്ട് പേരും അപകടത്തില്‍ പെട്ടത്. കഴിഞ്ഞ 20 വര്‍ഷമായി ഇവരുടെ മാതാപിതാക്കള്‍ ഇവിടെ സ്ഥിരതാമസമാണ്. സംഭവത്തെക്കുറിച്ച് അന്വേഷമം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.