ഞാന്‍ പാലത്തിലൂടെ ഓടാം അപ്പോള്‍ ആഴവും വഴിയും അറിയാമെന്ന് ഡ്രൈവറോട് പറഞ്ഞു വെള്ളം ശക്തമായാണ് വരുന്നത്.;വെങ്കിടേഷ്‌

പ്രളയത്തില്‍ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് നദിയേത് പാലമേത് എന്നറിയാതെ പകച്ചു നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടാനായി പാലത്തിലൂടെ ഓടുന്ന ബാലന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ആ ബാലന്റെ ധീരതയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയത് എന്നാല്‍ ആ വീഡിയോയ്ക്കപ്പുറം അതിലുള്ള ബാലനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ ഇന്ത്യയൊട്ടാകെ തിരഞ്ഞ ആ ബാലനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയുടെ ധീരബാലന്‍ എന്നറിയപ്പെടുന്ന ആ ബാലന്റെ യഥാര്‍ത്ഥ പേര് വെങ്കടേഷ് എന്നാണ്. കര്‍ണാടകത്തിലെ റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലെ ഹിരേരായണകുമ്ബി ഗ്രാമത്തിലാണ് വെങ്കടേഷ് താമസിക്കുന്നത്.

മച്ചനൂര്‍ ഗ്രാമത്തില്‍നിന്ന് ആറു കുട്ടികളുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് വെങ്കടേഷ് വഴികാട്ടിയായത്. ഒരു സ്ത്രീയുടെ മൃതദേഹവും ആംബുലന്‍സിലുണ്ടായിരുന്നു. നദിയില്‍ വെള്ളം കൂടി പാലം മൂടിയനിലയിലായിരുന്നു. ഇതുകണ്ടതോടെ ആംബുലന്‍സ് ഡ്രൈവര്‍ മഞ്ജു ഒന്നു പകച്ചു. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ആംബുലന്‍സ് ഡ്രൈവര്‍ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വെങ്കടേഷിനോടും സുഹൃത്തുക്കളോടും സഹായംതേടി. വഴി എങ്ങനെയാണെന്ന് പറഞ്ഞുതരാനാണ് മഞ്ജു ആവശ്യപ്പെട്ടതെങ്കിലും വെങ്കടേഷ് അത് കൃത്യമായി കാണിച്ചുകൊടുക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച്‌ വെങ്കടേഷ് പറയുന്നത് ഇങ്ങനെ

‘ശനിയാഴ്ച രാവിലെ ഏതാണ്ട് 11 മണിയായിക്കാണും, പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നത് കാണാന്‍ പോയതാണ് ഞാന്‍. അപ്പോള്‍ അവിടെ ഒരു ആംബുലന്‍സ് കാത്തുനില്‍ക്കുന്നത് കണ്ടു. അതിന്റെ ഡ്രൈവര്‍ക്ക് വെള്ളത്തിന്റെ ആഴം എത്രയാണെന്ന് അറിയില്ല, വെള്ളം നിറഞ്ഞൊഴുകുകയുമാണ്. വാഹനത്തില്‍ ആറ് കുട്ടികളും ആണുള്ളത്. ഞാന്‍ ഡ്രൈവറോട് പറഞ്ഞു, ഞാന്‍ പാലത്തിലൂടെ ഓടാം അപ്പോള്‍ ആഴവും വഴിയും അറിയാമെന്ന്. വെള്ളം ശക്തമായാണ് വരുന്നത്. ഒരു ഘട്ടത്തില്‍ എന്റെ നെഞ്ചിന് മുകളില്‍ വെള്ളം വന്നു. എനിക്ക് നീന്തല്‍ അറിയാം അതിനാല്‍ അപ്പുറം കടക്കാമെന്ന് ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഡ്രൈവര്‍ എന്റെ പിന്നാലെ വരികയും സുരക്ഷിതമായി പാലം കടക്കുകയുമായിരുന്നു’.

ഹിരേരായനകുമ്ബിയിലെ ദരിദ്ര കര്‍ഷകനായ ദേവപ്പയാണ് വെങ്കടേഷിന്റെ പിതാവ്. മകന്റെ ധീരതയില്‍ പിതാവിനും അഭിമാനം മാത്രം. എന്തായാലും ഇത്തവണത്തെ ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് വെങ്കടേഷിന്റെ പേരും നിര്‍ദേശിക്കാനാണ് റായ്ച്ചുര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അത് അവന്‍ അര്‍ഹിക്കുന്നത് തന്നെയാണെന്ന് ഉദ്യോഗസ്ഥരും ഉറച്ചുപറയുന്നു.