വൈറസ് ബാധിച്ച രോഗിയുടെ വെന്റിലേറ്റര്‍ വൃത്തിയാക്കാതെ മറ്റു രോഗികള്‍ക്ക് കൊടുത്തു; പരാതി

കൊറോണയെ എത്രയും വേഗം നാട്ടില്‍ നിന്നും തുരുത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും. വൈറസിനെ ഇല്ലാതാക്കാന്‍ അഹോരാത്രം ശ്രമിക്കുന്നതിനിടയില്‍ ചില വീഴ്ചകളും സംഭവിക്കുന്നു. കൊറോണ ബാധിതര്‍ ഉപയോഗിച്ച വെന്റിലേറ്റര്‍ വൃത്തിയാക്കാതെ മറ്റു രോഗികള്‍ക്ക് ഉപയോഗിച്ചെന്നും ഇതാണ് രോഗം പടരാന്‍ കാരണമാകുന്നതെന്നും സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വ്യക്തമാക്കുന്നു. ഡല്‍ഹി പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത് എന്നാണ് മലയാളി നഴ്സുകള്‍ വ്യക്തമാക്കുന്നത്.

‘പഞ്ചാബി ബാഗിലെ ആശുപത്രിയിലെ രോഗി ഉപയോഗിച്ച വെന്റിലേറ്റര്‍ വൃത്തിയാക്കാതെ മറ്റൊരു രോഗിക്കുപയോഗിച്ചു. രോഗിയെ പിന്നീട് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൊറോണയാണെന്ന സ്ഥിരീകരണമുണ്ടായത്”, ആശുപത്രിയിലെ നഴ്‌സ് പറയുന്നു. ”വലിയ വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. രോഗിയെ പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിക്കുന്നത് മാര്‍ച്ച് 10നാണ്. ഗംഗാറാമിലേക്ക് രോഗിയെ മാറ്റുന്നത് മാര്‍ച്ച് 30നാണ്. 31നാണ് ഈ രോഗിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാട് രോഗ ലക്ഷണങ്ങള്‍ കാണിച്ച നഴ്സുമാര്‍ക്കും ഒരു ഡോക്ടറിനും കോവിഡ് സ്ഥിരീകരിച്ചു. രോഗി പിന്നീട് മരിക്കുകയുണ്ടായി”,, നഴ്സ് പറയുന്നു.

സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവുള്ളത് കൊണ്ടാണ് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം പകരാനിടയായതെന്നും നഴ്‌സുമാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളൊന്നും സ്വകാര്യ ആശുപത്രി പാലിക്കുകയുണ്ടായില്ലെന്നും സുരക്ഷാ കിറ്റുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഡല്‍ഹി സര്‍ക്കാരിനോ കേന്ദ്രസര്‍ക്കാരിനോ കഴിഞ്ഞിട്ടില്ലെന്നും യുഎന്‍എ ഡല്‍ഹി പ്രസിഡന്റ് റിന്‍സ് ജോസഫ് പറയുന്നു.”വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനടക്കം കത്തെഴുതിയിരുന്നു. നടപടിയുണ്ടായില്ല. രോഗിക്ക് രോഗം സ്ഥിരീകരിച്ച് മറ്റ് രോഗികള്‍ക്ക് രോഗം പകര്‍ന്നതിന് ശേഷവും ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്യാന്‍ ആശുപത്രി തയ്യാറായിരുന്നില്ല.

സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊന്നും സുരക്ഷാ കിറ്റുകള്‍ ലഭിക്കുന്നില്ല”. അടിയന്തിരമായി സ്വകാര്യ ആശുപത്രികളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടിയുണ്ടാകണമെന്നും ആവശ്യം ഉയര്‍ന്നു.