ദീപം കത്തിക്കാനുള്ള മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മോഹന്‍ലാല്‍, ട്രോളില്‍ തളരില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയക്കലിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍. ഒരുമയുടെ ദീപം, എല്ലാവരും വീടുകളില്‍ തെളിയിക്കണമെന്നും ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു. ഇതിനോടുള്ള തന്റെ പിന്തുണ അറിയിച്ചുകൊണ്ട് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. ഇതില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ച്‌ താരം എല്ലാവരോടും അതില്‍ പങ്കെടുക്കുവാനും ആഹ്വാനം ചെയ്യുന്നു. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലും ഈ ഉദ്യമത്തിന് പിന്തുണ നല്‍കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ കൂടി തന്നെയാണ് മോഹന്‍ലാലും പിന്തുണ അറിയിച്ചിരിക്കുന്നത്.


‘രാജ്യം മുഴുവന്‍ കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശ്ശബ്!ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ ഏവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യം മുഴുവന്‍ ലോക്ഡൗണിലാണ്. ഇന്ന് വൈകിട്ട് 9ന് 9 മിനിറ്റ് ഏവരുടേയും ആത്മാവുകളെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് തെളിയിക്കല്‍ കാംപെയ്ന്‍ നടക്കുകയാണ്. നമ്മുടെ വീടിന് മുമ്ബില്‍ ഏവരും വിളക്കുകള്‍ തെളിയിക്കൂ. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ. എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന ഈ ഒത്തുചേരലിന് എല്ലാ ആശംസകളും, ഈ വെളിച്ചം നമ്മുടെ മനക്കരുത്തിന്‍ പ്രതീകമാകട്ടെ, ലോകാ സമസ്താ സുഖിനോഭവന്തു.’-മോഹന്‍ലാല്‍ പറഞ്ഞു.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച(ഏപ്രില്‍ 5) രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്. ഒരുമയുടെ ദീപത്തിന് വലിയ പിന്തുണയാണ് സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നും ലഭിക്കുന്നത്.