നടി വിജയശാന്തി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു

ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തിയും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞയാഴ്ചയാണ് വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചത്.

കോണ്‍ഗ്രസ് ദിശാബോധം നഷ്ടപ്പെട്ട പാര്‍ട്ടിയാണെന്നും ബിജെപിയാണ് ജനങ്ങളുടെ പാര്‍ട്ടിയെന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് വിജയശാന്തി പ്രതികരിച്ചു. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തില്‍ വിജയശാന്തിയുടെ തുടക്കം. 1998ല്‍ ബിജെപി മഹിളാ മോര്‍ച്ചാ സെക്രട്ടറിയായി. പിന്നീട് ബിജെപി വിട്ട അവര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും 2009ല്‍ ഈ പാര്‍ട്ടി ടിആര്‍സില്‍ ലയിച്ചു. അക്കൊല്ലം തന്നെ മേദകില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ ടിആര്‍എസ് അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.