നാളെ ഭാരത് ബന്ദ്; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഡിസംബര്‍ എട്ടിന് കിസാന്‍ മുക്തി മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പൊതുജന താത്പര്യങ്ങള്‍ ബന്ദിന്റെ പേരില്‍ ഹനിക്കരുതെന്നും പൊതു ജനങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും ക്രമസമാധാനം ഭദ്രമാണെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് കിസാന്‍ മുക്തി മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികള്‍ ഭാരത് ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ കൂടുതല്‍ അതിര്‍ത്തി മേഖലകളില്‍ പ്രതിഷേധമുയര്‍ത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന് കര്‍ഷക പ്രതിനിധികള്‍ കഴിഞ്ഞ യോഗത്തിലും ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയുടെ കൂടുതല്‍ അതിര്‍ത്തി മേഖലകളില്‍ പ്രതിഷേധമുയര്‍ത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താന്‍ സാധിച്ചില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ ആകാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.