വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെ കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്

കൊച്ചി. കേരളം അതിഗതര വൈദ്യുതി പ്രതിസന്ധിയിലേക്കെന്ന് വിവരം. വേനല്‍ച്ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗിം സംസ്ഥാനത്ത് വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജനുവരിയില്‍ വൈദ്യുതി ആവശ്യകതയില്‍ 257 മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ ഉപയോഗം ഒമ്പത് ദശലക്ഷം യൂണിറ്റ് വര്‍ധിച്ചു.

ഈ നില തുടരുകയാണെങ്കില്‍ ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഏപ്രിലില്‍ റെക്കോര്‍ഡ് ഉപഭോഗമാണ് കേരളത്തില്‍ ഉണ്ടാകുകയെന്നാണ് വിവരം. ജനുവരിയില്‍ കടുത്തചൂടിലേക്ക് കേരളം എത്തിയതോടെയാണ് വൈദ്യുതി ഉപയോഗം വര്‍ധിച്ചത്. 2022ഏപ്രിലില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന ഉപഭോഗമായ 82.5 ദശലക്ഷം യൂണിറ്റ് ഈ വര്‍ഷം ജനുവരിയില്‍ തന്നെ മറികടന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 3900 മെഗാവാട്ട് വൈദ്യുതിയായിരുന്നു ആവശ്യം വന്നത്. ഏപ്രിലില്‍ ചൂട് കൂടിയതോടെ വൈദ്യുതി ആവശ്യം 5000 മെഗാവാട്ട് കടക്കുകയായിരുന്നു. ഇത്തവണ ജനുവരിയില്‍ 4200 മെഗാവാട്ടാണ് വേണ്ടിവന്നത്. എസി ഉപയോഗം കൂടുന്നതാണ് വൈദ്യുതി ഉപയോഗം കൂടാന്‍ കാരം.