അമ്മയുടെ ഫോണിലൂടെ ചാറ്റിങ് നടത്തിയ പത്താം ക്ലാസുകാരി രാത്രി ബസ് സ്റ്റോപ്പിൽ, ഓടി രക്ഷപെട്ട കാമുകൻ അറസ്റ്റിൽ

 

മലപ്പുറം കൊളത്തൂരിൽ പത്താം ക്ലാസില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇൻസ്റ്റാ​ഗ്രാമിലൂടെ ചാറ്റ് ചെയ്ത് രാത്രി പുറത്തേക്ക് വിളിച്ചിറക്കിയ യുവാവ് പോലീസ് പിടിയില്‍. പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ(21)യെയാണ് കൊളത്തൂര്‍ സിഐ പിഎം ഷമീര്‍ അറസ്റ്റുചെയ്തത്.

അമ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പെൺകുട്ടി യുവാവുമായി ചാറ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവാവുമായി പരിചയത്തിലായത്. ആഴ്ചകളായി ബന്ധം സ്ഥാപിച്ചതിനുശേഷമാണ് രാത്രിയില്‍ പുറത്തുവരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. വീട്ടില്‍ വിരുന്നിനുവന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പമാണ് പെണ്‍കുട്ടി ഇയാളെ കാണാനായി ഇറങ്ങിപ്പോയിരുന്നതെന്ന് പോലീസ് പറഞ്ഞു.

പോക്‌സോ നിയമപ്രകാരമാണ് പോലീസ് യുവാവിനെ അറസ്റ്റുചെയ്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയ്‌ക്കെതിരേ കേസെടുത്തത്. ഇയാളെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി. ഇതിനിടെ, കഴിഞ്ഞദിവസം രാത്രി ശൗചാലയത്തില്‍പ്പോവാന്‍ എഴുന്നേറ്റ പിതാവ് മറ്റൊരു മുറിയില്‍ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇവരെ കണ്ടെത്തിയത്. കുട്ടികളെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ മുസ്തഫ ഉടനെ മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.