പാലക്കാട് അഞ്ചുപേര്‍ക്ക് കൂടി കൊവിഡ്; സമൂഹ വ്യാപന ആശങ്കയെന്ന് മന്ത്രി എകെ ബാലന്‍

പാലക്കാട് അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലുപേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. അതിര്‍ത്തി ജില്ലയായ പാലക്കാട് സമൂഹ വ്യാപനത്തിന്റെ സാധ്യതയേറുന്നതാണ് ഇതെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. പൊടുന്നനെ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനാല്‍ തിങ്കളാഴ്ച മുതല്‍ ഈമാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

പോസറ്റീവ് കേസ് ഇല്ലാത്ത ജില്ല എന്ന നിലയില്‍നിന്നാണ് ഇപ്പോള്‍ 53 പേര്‍ ചികിത്സയിലുള്ള ജില്ലയായി പാലക്കാട് മാറിയത്. പ്രവാസികളും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും കൂടുതല്‍ വരും. അവരുടെ നാടായതുകൊണ്ട് ആരെയും തടയില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ഉണ്ടായതിനേക്കാള്‍ ഗൗരവത്തോടെ ജനങ്ങള്‍ കാണണം. ജനങ്ങള്‍ നിയന്ത്രണമില്ലാതെ പുറത്തിറങ്ങിരുത്. ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ വഴി പുറത്തേക്ക് പോകുന്നു. റൂം ക്വാറന്റൈനില്‍ കഴിയുന്നവര്‍ അങ്ങനെ തന്നെ കഴിയണം. എന്ന് മന്ത്രി പറഞ്ഞു.

നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വീടുകളിലുള്ള മറ്റുള്ളവരുമായി ഇടപെട്ടു. ചിലര്‍ പുറത്തുപോയി. ഇതെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചവര്‍ അത് കര്‍ശനമായി പാലിക്കണം. ചെക്‌പോസ്റ്റില്‍ കുറച്ചുസമയം മാത്രം ചെലവിട്ടവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ ലക്ഷണം വച്ച്‌ കേരളത്തില്‍ ആദ്യത്തെ സമൂഹ വ്യാപനം നടന്ന ജില്ലയായി പാലക്കാട് മാറാന്‍ സാധ്യതയുണ്ട് എന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ജില്ലയില്‍ പൊലീസ് ആക്‌ട് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 19 പേര്‍ക്ക് പെട്ടെന്ന് രോഗം വന്ന സാഹചര്യത്തിലായിരുന്നു നിരോധനാജ്ഞ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണം പാലിക്കണമെങ്കില്‍ 144 പ്രഖ്യാപിച്ചേ പറ്റൂ എന്നതിനാലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യപിച്ചത്. അതില്‍ തന്നെ ചില നിയന്ത്രണങ്ങളുണ്ട്. അത് കര്‍ശനമായി പാലിച്ചേ ഇളവുണ്ടാകാന്‍ പാടുള്ളൂ. അഞ്ചുപേരില്‍ കൂടുതല്‍ അനാവശ്യമായി കൂടാന്‍ പാടില്ല.