ആരെടാന്ന് തിരിഞ്ഞ് നിന്ന് ചോദിച്ചാല്‍ പിണറായി ഓടും, അഡ്വ. കൃഷ്ണരാജ് പറയുന്നു adv. krishnaraj

ആരെടാന്ന് തിരിഞ്ഞ് നിന്ന് ചോദിച്ചാല്‍ പിണറായി വിജയന്‍ ഓടുമെന്ന് അഡ്വ. കൃഷ്ണരാജ്. തന്റെ പേരില്‍ കേസെടുത്തതിന് പിന്നാലെ പ്രതികരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. മാത്രമല്ല പിപ്പിടി കാട്ടായം ഒന്നും ഇങ്ങോട്ട് വേണ്ടെന്നും കൃഷ്ണരാജ് പറഞ്ഞു.

പിണറായിക്കെതിരെ മൊഴികൊടുത്തയാളുടെ വക്കീലിനെ അറസ്റ്റ് ചെയ്യിക്കുക എന്ന് പറഞ്ഞാല്‍ വളരെ ചീപ്പായുള്ള ഏര്‍പ്പാടാണ്. പിണറായിയും കുടുംബവും ചെയ്ത തോന്ന്യവാസവും തെമ്മാടിത്തരവും രാജ്യവിരുദ്ധ പരിപാടികളും തന്റെ കക്ഷിയായ സ്ത്രി കോടതിയില്‍ വന്ന് മൊഴികൊടുത്താല്‍ ഉടനെ വക്കീലിനെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടത്. അത് എന്തൊരു ഏര്‍പ്പാടാണ്. വെറും ഭീരുവാണ് പിണറായി. ഊരിയ വാളന്നൊക്കെ പറയുന്നത് വെറും തട്ടിപ്പാണ്. ആരെടാന്ന് തിരികെ ചോദിച്ചാല്‍ ഓടുന്ന വ്യക്തിയാണ് പിണറായി വിജയന്‍.-കൃഷ്ണരാജ് പറഞ്ഞു.

കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കേസ്. മുസ്ലീം വേഷധാരിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൊപ്പിയൊക്കെ വച്ച് ഡ്രൈവ് ചെയ്യുന്നത് ധാരാളം പ്രചരിച്ച ചിത്രമാണ്. അത് വെച്ച് ഒരു തമാശ പോസ്റ്റിട്ടു, പോസ്റ്റില്‍ ഒരു മതത്തിന്റെയും പേര് പറഞ്ഞിട്ടില്ല. മതനിന്ദയ്ക്ക് എതിരെ കേസെടുത്തു. എന്നാല്‍ അത് നില്‍ക്കില്ല.സ്വപ്‌നയ്ക്ക് എതിരായ ഗൂഢാലോചന കേസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് എല്ലാവര്‍ക്കുമറിയാം, അത് തയ്യാറാവുകയാണ്. അത് വൈകിപ്പിക്കുകയാണ് ഈ കേസുകൊണ്ട് ലക്ഷ്യമാക്കുന്നത്. -കൃഷ്ണരാജ് വ്യക്തമാക്കി.