അയ്യപ്പാ എന്നോടും സര്‍ക്കാരിനോടും പൊറുക്കണേ എന്ന് അപേക്ഷിക്കുകയാണ് വേണ്ടത്; മുഖ്യമന്ത്രിക്കെതിരെ എകെ ആന്റണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാമി അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതി‍ര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ഇപ്പോള്‍ സ്വാമി അയ്യപ്പനെ ഓര്‍ക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് ഖേദംപ്രകടിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

‘ആദ്യഘട്ടത്തില്‍ തെറ്റ് പറ്റിപ്പോയെന്നും, വിധി നടപ്പിലാക്കാന്‍ എടുത്തുചാടി ശബരിമല സന്നിധാനം അശുദ്ധമാക്കിയതിന് എന്നോടും സ‍ര്‍ക്കാരിനോടും ക്ഷമിക്കണമെന്നും പറയാന്‍ പിണറായി തയ്യാറാകണം. അദ്ദേഹം ഖേദപ്രകടിപ്പിക്കണം. എങ്കില്‍ പിണറായി ഇപ്പോള്‍ അയ്യപ്പനെ ഓ‍ര്‍ക്കുന്നതില്‍ ആത്മാ‍ര്‍ത്ഥതയുണ്ടെന്ന് പറയാം. അല്ലെങ്കില്‍ ഇതൊക്കെ കാപട്യമാണെന്നും’ ആന്റണി പറ‍ഞ്ഞു.

സ്വാമി അയ്യപ്പനടക്കമുളള ദേവഗണങ്ങളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ ശബരിമലയും സ്വാമി അയ്യപ്പനും ച‍ര്‍ച്ചയായത്.