എകെജി സെന്റര്‍ ആക്രമണം; നാലാം പ്രതി നവ്യയ്ക്ക് ജാമ്യം ലഭിച്ചു

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് ജാമ്യം. തിരുവന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നവ്യയ്ക്ക് ഉപാധികളോട് ജാമ്യം നല്‍കിയത്. ഈ മാസം 24നും 30 നും ഇടയ്ക്ക് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കേരളം വിടാന്‍ പാടില്ല. ഏഴ് ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം.

അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഒരു ലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കില്‍ ജാമ്യം നല്‍കാമെന്നും കോടതി നിര്‍ദേശച്ചു. ആക്രമണത്തില്‍ നാലാം പ്രതിക്ക് പങ്കുണ്ടെന്നും ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ നവ്യയ്ക്ക് കേസില്‍ വ്യക്തമായ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗവം വാദിച്ചു.

അതേസയം ആക്രമണത്തിന് ഉപയോഗിച്ചെന്ന് പോലീസ് പറയുന്ന സ്‌കൂട്ടര്‍ നവ്യയുടെത് അല്ലെന്ന് പ്രതിഭാഗം വ്യക്തമാക്കി. ആക്രമണം നടത്തിയ പ്രതിക്ക് സ്‌കൂട്ടര്‍ നല്‍കിയത് നവ്യയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.