ഇത് താന്‍ അല്ല, പ്രോത്സാഹിപ്പിക്കരുത്, വ്യാജ അക്കൗണ്ടിനെതിരെ അംബിക

സോഷ്യല്‍ മീഡിയകള്‍ വഴി പ്രമുഖരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുന്നത് കുറ്റകരം ആണെങ്കിലും ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇത്തരത്തില്‍ പലപ്പോഴും ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കപ്പെടുന്നത് അഭിനേതാക്കളുടെ പേരില്‍ ആയിരിക്കും. അതും അധികവും നടിമാരുടെ പേരില്‍. താരങ്ങള്‍ക്ക് ഇത്തരം വ്യാജ അക്കൗണ്ടുകള്‍ പലപ്പോഴും തലവേദനയും സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് പഴയകാല നടി അംബികയാണ്.

തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലിന്റെ ചിത്രം താരം പങ്കുവെയ്ക്കുകയും ഇത് താന്‍ അല്ലെന്നും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കുറിച്ചു. അംബികയുടെ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണ അറിയിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്. പരാതിയുമായി മുന്നോട്ട് തന്നെ പോകണം എന്നാണ് പലരും പറയുന്നത്. ഫേസ്ബുക്കിന് തന്നെ റിപ്പോര്‍ട്ട് ചെയ്ത് വ്യാജനെ കുടുക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

 

ഇത്തരത്തില്‍ വ്യാജ പ്രൊഫൈലുകള്‍ക്ക് എതിരെ നേരത്തെയും പല താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. വ്യാജന്മാരില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി ഫേസ്ബുക്ക് സെലിബ്രിറ്റികള്‍ക്കും മറ്റുമായി നീല ടിക് എന്ന ബാഡ്ജ് നല്‍കുന്നുണ്ട്. എന്നാല്‍ നീല ടിക്ക് ലഭിക്കാത്തവര്‍ വീണ്ടും വ്യാജന്മാരുടെ തട്ടിപ്പിന് ഇരയാകേണ്ടി വരുന്നുണ്ട്.