മോഹൻലാലിനെയും മറികടന്ന് റോസ്റ്റിം​ഗ് താരം അർജുൻ

വെറും ഒരാഴ്ച്ച കൊണ്ട് ഇന്റർനെറ്റിൽ തരം​ഗമായി മാറിയ മലയാളിയാണ് അര്‍ജുന്‍ സുന്ദരേശന്‍. ടിക്ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്ത് അതിനോടുള്ള പ്രതികരണം വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ചാണ് അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ തരം​ഗമായത്. ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം പ്രശസ്തമായ റോസ്റ്റിങ്-റിയാക്ഷന്‍ വിഡിയോകളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഈ ആശയം മലയാളത്തില്‍ അര്‍ജുന്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ അത്രകണ്ട് പരിചയിച്ചിട്ടില്ലാത്ത റോസ്റ്റിങ് പെട്ടെന്ന് തന്നെ ഇന്‍റര്‍നെറ്റില്‍ കൊളുത്തുകയായിരുന്നു.

അര്‍ജുന്റെതായി പുറത്തുവന്ന മിക്ക വീഡിയോകള്‍ക്കും മില്യണ്‍ കണക്കിന് കാഴ്ചക്കാരാണുണ്ടായത്. ലോക് ഡൗണ്‍ സമയത്തെ ബോറടി മാറ്റാനാണ് അര്‍ജുന്‍ യൂടുബില്‍ റോസ്റ്റിംഗ് വീഡിയോകള്‍ ചെയ്തുതുടങ്ങിയത്. യൂടുബില്‍ പതിനാറ് വീഡിയോകള്‍ മാത്രമാണ് അര്‍ജുന്റെതായി ഇതുവരെ പുറത്തിറങ്ങിയത്. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ പേരിലുള്ള റെക്കോർഡാണ് അർജുൻ തകർത്തത്.

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലർ റെക്കോർഡാണ് അര്‍ജുന്‍ മറികടന്നിരിക്കുന്നത്. അർഡുൻ യുട്യൂബിൽ ലാസ്റ്റ് പോസ്റ്റ് ചെയ്ത വീഡിയോ പുറത്തിറങ്ങി ഇരുപതിനാല് മണിക്കൂര്‍ കൊണ്ട് നാലര മില്യണോളം കാഴ്ചക്കാരെയാണ് ലഭിച്ചത്. മാര്‍ച്ച് ആറിനായിരുന്നു മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. വളരെ കുറച്ച് സമയം കൊണ്ടാണ് ട്രെയിലര്‍ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നത്. പിന്നീട് മാസങ്ങള്‍ കൊണ്ടാണ് ട്രെയിലര്‍ കാഴ്ചക്കാരുടെ എണ്ണം 4.4 മില്യണില്‍ എത്തിയത്.

മരക്കാറിന്റെ ഈ റെക്കോര്‍ഡ് വെറും 24 മണിക്കൂര്‍ കൊണ്ടാണ് അര്‍ജുന്റെ വീഡിയോ മറികടന്നിരിക്കുന്നത്. അര്‍ജുന്റെ വീഡിയോയ്ക്ക് ലഭിച്ച ലൈക്കുകളുടെ എണ്ണവും മരക്കാര്‍ ട്രെയിലറിനെ യൂടുബില്‍ മറികടന്നിരിക്കുകയാണ്. ഒറ്റദിവസം കൊണ്ടാണ് മരക്കാര്‍ ട്രെയിലര്‍ നേടിയെടുത്ത ലൈക്കുകള്‍ അര്‍ജുന്റെ റോസ്റ്റ് വീഡിയോകള്‍ മറികടന്നത്.

അർജുന്റെ ആദ്യ വിഡിയോകളൊന്നും ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ടിക്ടോക് താരങ്ങളെ ‘പൊരിച്ചുള്ള’ ഭാഗം സൂപ്പര്‍ ഹിറ്റാവുകയായിരുന്നു. തുടക്കത്തില്‍ പല വിഡിയോകള്‍ക്കും 250-300 കാഴ്ച്ചക്കാരായിരുന്നെന്നും ടിക്ടോക്ക് ലക്ഷ്യമാക്കി റോസ്റ്റിങ് തുടങ്ങിയതില്‍ പിന്നെയാണ് വൈറലാകുന്നത്. യൂട്യൂബിന് പിറകെ ഇന്‍സ്റ്റാഗ്രാമിലും വലിയ ആരാധക പിന്തുണയാണ് അര്‍ജുന് ഉള്ളത്. നിരവധി ആരാധക അക്കൗണ്ടുകളും വ്യാജ അക്കൌണ്ടുകളും വൈറലായതോടെ അര്‍ജുന്‍റെ പേരില്‍ പിറവിയെടുത്തു.