മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം. എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ കേന്ദ്രമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. ശ്വാസതടസം മൂലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഐസിയുവില്‍ കഴിയുന്ന അരുണ്‍ ജെയ്റ്റ്ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അരുണ്‍ ജെയ്റ്റ്ലിയുടെ ചികിത്സയും ആരോഗ്യനിലയും സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റ് 9നാണ് അവസാനമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അരുണ്‍ ജെയ്റ്റ്ലി ചികിത്സയിലാണ്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെയ്റ്റ്ലി മത്സരിച്ചിരുന്നില്ല. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു.

ഓഗസ്റ്റ് 10 ന് ശേഷം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ജെയ്റ്റ്‌ലിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല. ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയിൽ പ്രധാന പങ്കുവഹിച്ചയാളാണ് അഡ്വക്കേറ്റ് കൂടിയായ ജെയ്റ്റ്‌ലി. ധനകാര്യ, പ്രതിരോധ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെയ്റ്റ്‌ലി മത്സരിച്ചില്ല. കഴിഞ്ഞ വർഷം മെയ് 14 ന് എയിംസിൽ തന്നെ ജയ്റ്റ്ലിയുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആ സമയം റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയലാണ് ധനമന്ത്രാലയത്തിന്റെ ചുമതലകൾ ഏറ്റെടുത്തത്.