കഴിഞ്ഞ ഒരാഴ്ച്ചക്കകം നാല് മലയാളികളാണ് ആത്മഹത്യ ചെയ്തത്, അഷ്‌റഫ് താമരശ്ശേരി

പ്രവാസലോകത്തെ ദുരിത വിവരങ്ങൾ അഷ്‌റഫ് താമരശ്ശേരി സ്ഥിരമായി പങ്കുവെക്കാറുണ്ട്. ‘നാല് പ്രവാസി സഹോദരങ്ങളുടെ മൃതദേഹമാണ് ഇന്നലെ നാട്ടിലേക്കയച്ചത്. നാലു പേരിൽ ഒരാൾ ആത്മത്യ ചെയ്തതായിരുന്നു. ഇദ്ദേഹം പ്രവാസ ലോകത്ത് എത്തിയത് അധികകാലം ആയിട്ടില്ല. ചെറുപ്പക്കാരൻ. കഴിഞ്ഞ ഒരാഴ്ച്ചക്കകം നാല് മലയാളികളാണ് ആത്മഹത്യ ചെയ്തത്. അതും ചെറുപ്പക്കാരാണെന്ന് അഷ്റഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം

നാല് പ്രവാസി സഹോദരങ്ങളുടെ മൃതദേഹമാണ് ഇന്നലെ നാട്ടിലേക്കയച്ചത്. നാലു പേരിൽ ഒരാൾ ആത്മത്യ ചെയ്തതായിരുന്നു. ഇദ്ദേഹം പ്രവാസ ലോകത്ത് എത്തിയത് അധികകാലം ആയിട്ടില്ല. ചെറുപ്പക്കാരൻ. കഴിഞ്ഞ ഒരാഴ്ച്ചക്കകം നാല് മലയാളികളാണ് ആത്മഹത്യ ചെയ്തത്. അതും ചെറുപ്പക്കാർ. ജീവിതം പാതി വഴിയിൽ ഉപേക്ഷിച്ച് പോകുന്ന യവ്വനങ്ങൾ. എന്തേ നമ്മുടെ ചെറുപ്പങ്ങൾക്ക് ഇങ്ങിനെ സംഭവിക്കുന്നത്‌ എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. ഒരുപക്ഷേ ബന്ധങ്ങളിലെ ഊഷ്മളതകുറവ് ആയിരിക്കാം. ബന്ധങ്ങളെ നേരാംവണ്ണം പരിചരിച്ചില്ലെങ്കിൽ കൈവിട്ട് പോകും. കുടുംബ ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും ഒക്കെ ഇങ്ങിനെയാണ്.

ഇടയ്ക്കിടെ ബന്ധങ്ങൾ പുതുക്കിയില്ലെങ്കിൽ ഇരുമ്പിനെ തുരുമ്പ് ബാധിക്കുന്ന പോലെ ബന്ധങ്ങളെയും വൈകല്യങ്ങൾ ബാധിക്കും. ജീവിതത്തിൽ നല്ല ബന്ധങ്ങൾ ഉള്ളവരാണ് വിജയിച്ചവർ. ജിവിതത്തിലെ സുഖ ദുഃഖങ്ങൾ പരസ്പരം പങ്കുവെക്കാൻ കഴിയുന്ന നല്ല ബന്ധങ്ങൾ നട്ടു വളർത്താൻ കഴിയണം. അത്തരം ബന്ധങ്ങളാണ് നമുക്ക് നല്ല തണലായി താങ്ങായി മാറുക. അല്ലാത്ത പക്ഷമാണ് ജീവിത ദുഖങ്ങളും കഷ്ടതകളും ഉള്ളിൽ പേറി ഹൃദയം പൊട്ടിയും സ്വയം ജീവിതം അവസാനിപ്പിച്ചും അകാലത്തിൽ പലരും നമ്മിൽ നിന്നും വിടവാങ്ങിപ്പോകുന്നത് .

നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും ഉറ്റവർക്കും ക്ഷമയും സഹനവും നൽകി ദൈവം അനുഗ്രഹിക്കുമാറാകട്ടെ….