പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം: കെ.കെ രമ എംഎല്‍എയെ കുറ്റ വിമുക്തയാക്കി

പി ജയരാജനെ കൊലയാളിയെന്ന് സംബോധന ചെയ്ത സംഭവത്തില്‍ കെ കെ രമ എംഎല്‍ എയെ കുറ്റ വിമുക്തയാക്കി കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്നായിരുന്നു ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്.

വിഷയത്തില്‍ കോടിയേരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കെ കെ രമയ്ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. പി ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതി.