ചൈനീസ് ആപ്പുകൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി. രാജ്യത്ത് വീണ്ടും ചൈനീസ് ആപ്പുകൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. 138 ബെറ്റിങ് ആപ്പുകളും 94 ലോൺ ആപ്പുകളും ഉടൻ നിരോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ആപ്പുകളിൽനിന്നു പണം വായ്പയെടുത്തവർ ജീവനൊടുക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഏതാനും ദിവസങ്ങൾക്കകംതന്നെ ആപ്പുകൾ നിരോധിച്ചുള്ള ഉത്തരവ് പുറത്തിറക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാതെ നിരവധി പേർ ആത്മഹത്യ ചെയ്യുന്നു.

മൂന്നു സംസ്ഥാനങ്ങളിലുമായി 17 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെറ്റിങ്, ലോൺ ആപ്പുകൾ നിരോധിക്കാൻ തയാറാകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഐടി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു.