ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങൾ എണ്ണാൻ 520 ജീവനക്കാർ ; 20 കോടിയോളം രൂപയുടെ നാണയങ്ങളെന്ന് വിലയിരുത്തല്‍

പത്തനംതിട്ട: ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയങ്ങൾ എണ്ണുന്നത് വീണ്ടും തുടങ്ങി. മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് കിട്ടിയ നാണയങ്ങളുടെ നാലിലൊന്ന് മാത്രമാണ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയിട്ടുള്ളത്. 19 ദേവസ്വം ഗ്രൂപ്പുകളിൽ നിന്നുള്ള 520 ജീവനക്കാരെയാണ് നാണയം എണ്ണാൻ നിയോഗിച്ചിട്ടുള്ളത്.

ഇരുപത് കോടിയോളം രൂപയുടെ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താനുണ്ട്. ഇതുകൂടി പൂർത്തിയായതിന് ശേഷമെ തീർത്ഥാടന കാലത്തെ ആകെ വരുമാനത്തിന്റെ കാര്യത്തിൽ വ്യക്തത വരു. ഇതുവരയുള്ള കണക്ക് പ്രകാരം 351 കോടി രൂപയാണ് വരുമാനം ലഭിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഉയർന്ന വരുമാനമാണിത്.

അരക്കോടിയിലേറെ തീർത്ഥാടകരാണ് ഇത്തവണ അയ്യനെ കാണാനെത്തിയത്. ഈ വർഷം സന്നിധാനത്ത് എത്തിയ അരക്കോടിയിലധികം തീർത്ഥാടകരിൽ 20 ശതമാനം കുട്ടികളായിരുന്നു. കഴിഞ്ഞ വർഷം ശബരിമലയിലെ വരുമാനം 151 കോടി രൂപയായിരുന്നു. വരുമാനത്തിൽ 40 ശതമാനമാണ് ബോർഡിന്റെ ചെലവ്.