കുട്ടികളോട് നല്ല പെരുമാറ്റം, സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല- സഹഅധ്യാപകർ‌

യുവഡോക്ടർ അതിദാരുണമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് മലയാളികൾ. കൊല്ലം നെടുമ്പന യു പി സ്കൂളിലെ അധ്യാപകനായിരുന്ന പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപിപാണ് 23കാരിയുടെ ജീവനെടുത്തത്. സന്ദീപിനെക്കുറിച്ച് സഹ അധ്യാപകർ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

കുട്ടികളോടും മറ്റും നല്ല രീതിയിലുള്ള പെരുമാറ്റം ആയിരുന്നു, സ്‌കൂളിലെ സഹഅധ്യാപകരോടും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. സ്കൂൾ സമയം കഴിഞ്ഞാൽ പോകും, ആരോടും വലിയ അടുപ്പത്തിന് നിൽക്കാറില്ല. 2021 ലാണ് സന്ദീപിനെ സംരക്ഷിത അധ്യാപകനായിട്ട് നെടുമ്പന യു പി സ്കൂളിൽ നിയമിക്കുന്നത്. മാർച്ച് സ്കൂൾ അടച്ചതിന് ശേഷം സ്റ്റാഫ് മീറ്റിങ് വിളിച്ചപ്പോഴൊന്നും പങ്കെടുത്തില്ല. അമ്മയ്‌ക്ക സുഖമില്ലെന്ന കാരണമാണ് അന്ന് അറിയിച്ചതെന്നും സഹഅധ്യാപകർ പറഞ്ഞു. മാത്രമല്ല ഇപ്പോൾ സ്കൂളിൽ അഡ്മിഷൻ നടക്കുന്ന സമയമാണ്. ഈ സംഭവം സ്കൂളിലെ അധ്യാപനെന്ന നിലയിൽ അഡ്മിഷനെ ബാധിച്ചേക്കാം

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്. മേശപ്പുറത്തെ കത്രിക കൈക്കലാക്കിയ പ്രതി പിന്നില്‍നിന്ന് ഡോക്ടറെ കുത്തുകയായിരുന്നു. ഡോക്ടറുടെ മുതുകിലും കഴുത്തിലും ഉള്‍പ്പെടെ ആറു തവണയാണ് ഇയാള്‍ കുത്തിയത്. പിന്നില്‍നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. ഡോക്ടറുടെ നിലവിളി കേട്ട് മുറിയിലേക്ക് ഓടിയെത്തിയ പോലീസുകാരും ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടാണ് അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നാണ് ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.