അപ്പനും അമ്മയും വിശപ്പിനോട് പൊരുതിയപ്പോഴും ആഹാരമിറക്കാന്‍ കഴിഞ്ഞല്ലോ റെജി നിനക്ക്, ഡോ. അനുജ ജോസഫ് കുറിക്കുന്നു

കോട്ടയം മുണ്ടക്കയത്ത് പിതാവിനെയും മാതാവിനെയും മകന്‍ മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണവും മരുന്നും കൊടുക്കാത്ത സംഭവം മലയാളി മനസാക്ഷിയെ തന്നെ ഞെട്ടിച്ചതാണ്. സംഭവത്തില്‍ പൊടിയന്‍ എന്ന 80കാരന്‍ മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് മകന്‍ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊടിയന്റെ ഭാര്യ അമ്മിണി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്‍ റെജിയും മരുമകള്‍ ജാന്‍സിയും പൊടിയനും അമ്മിണിക്കും ഭക്ഷണം കൊടുക്കാതെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ഏറെ കാലമായി പട്ടിണിയായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

മാതാപിതാക്കളോട് ക്രൂരത കാണിക്കുന്ന മക്കള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം, ഞങ്ങള്‍ക്ക് പ്രശ്‌നമില്ല പരാതിയില്ല എന്നു പറഞ്ഞാല്‍ കൂടിയും. നാളെ ഇതു പോലുള്ള ക്രൂരതകള്‍ അരങ്ങേറാതെ ഇരിക്കണമെങ്കില്‍ ഇന്നേ നമ്മള്‍ ജാഗ്രത പാലിക്കണം.- അനുജ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

അനുജ ജോസഫിന്റെ കുറിപ്പ്, അപ്പനെയും അമ്മയെയും ഒരു മുറിയിലടച്ചു നരകിപ്പിച്ചിട്ടു, സ്വസ്ഥമായെന്നു കരുതുന്ന കുറെ ജന്മങ്ങളില്‍ ഒന്നാണ് കോട്ടയം മുണ്ടക്കയത്തു റെജി എന്ന പുത്രന്‍. വാര്‍ദ്ധക്യമാതാപിതാക്കളെ മതിയായ സംരക്ഷണം നല്‍കാതെ, പട്ടിണിക്കിട്ട (സല്‍)പുത്രന്‍, തുടര്‍ന്നു 80വയസ്സുള്ള അപ്പന്‍ ഇനിയി ക്രൂരതഏല്‍ക്കണ്ടല്ലോ എന്നാശ്വസിച്ചാവണം മരണമടഞതും, തൊട്ടപ്പുറത്തു ഇറച്ചിക്കറിയും മീനും കൂട്ടി മകനും കുടുംബവും ചോറുണ്ടപ്പോള്‍ എത്രയോ ദിവസങ്ങളില്‍ ആ പാവങ്ങള്‍ വിശപ്പിന്റെ ആവലാതികളില്‍ നെടുവീര്‍പ്പിട്ടുണ്ടാവും.

രോഗവും ദുരിതവും പേറി ആ ഒറ്റ മുറിയില്‍ കഴിഞ്ഞ പാവങ്ങള്‍, അമ്മിണിയും പൊടിയനും. വാര്‍ദ്ധക്യം ഇന്നവര്‍ക്കാണെങ്കില്‍ നാളെ നീയും ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോകേണ്ടതാണെന്നു ഓര്‍ക്കുക. വിശപ്പിന്റെ വിളി ആരുടേതായാലും കേള്‍ക്കാതിരിക്കല്ലേ, അപ്പനും അമ്മയും വിശപ്പിനോട് പൊരുതിയപ്പോഴും ആഹാരമിറക്കാന്‍ കഴിഞ്ഞല്ലോ റെജി നിനക്ക്! നിന്നെ പോലുള്ള ഒന്നിന്റെ അപ്പനും അമ്മയും ആകേണ്ടി വന്നതിന്റെ വേദന എത്രയോ പ്രാവശ്യം ഉമിനീരിനൊപ്പം ആ പാവങ്ങള്‍ കുടിച്ചിറക്കിയിട്ടുണ്ടാവും.

അടുത്തിടെ അപ്പനെയും അമ്മയെയും തല്ലുന്ന മക്കളുടെ എണ്ണവും വര്‍ദ്ധിച്ചു വരുകയാണ്. മക്കള്‍ക്കെതിരെ പരാതിയില്ലെന്നും പറഞ്ഞു ഈ അസുരന്മാരെ രക്ഷപ്പെടുത്തുന്ന പാവം മാതാപിതാക്കളും.’ എന്റെ മോന്‍ പാവമാ, മോളു പാവമാ’, എന്നും പറഞ്ഞു വരുന്ന മാതാപിതാക്കളോട് എന്തു പറയാനാണ്‍. ഇത്തരത്തില്‍ മാതാപിതാക്കളോട് ക്രൂരത കാണിക്കുന്ന മക്കള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം, ഞങ്ങള്‍ക്ക് പ്രശ്‌നമില്ല പരാതിയില്ല എന്നു പറഞ്ഞാല്‍ കൂടിയും. നാളെ ഇതു പോലുള്ള ക്രൂരതകള്‍ അരങ്ങേറാതെ ഇരിക്കണമെങ്കില്‍ ഇന്നേ നമ്മള്‍ ജാഗ്രത പാലിക്കണം. ജനപ്രതിനിധികള്‍ ഒരാപത്തു വരുമ്പോള്‍ മാത്രം ഓടി എത്താന്‍ നില്‍ക്കാണ്ട്, തങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന വീടുകളില്‍ എങ്കിലും ഈ ക്രൂരതകള്‍ നടക്കുന്നില്ലെന്നു ഉറപ്പു വരുത്തുക. നീറുന്ന മനസ്സുകള്‍ ഇനിയുമെത്രയോ അകത്തളങ്ങളില്‍ ഒരിറ്റു സ്‌നേഹവും ദയയും പ്രതീക്ഷിച്ചിരിപ്പുണ്ടാകും.