ഓക്സിജൻ കിട്ടാതെ മരിച്ചു എന്ന് പറയുന്നത് പോലെ, രക്തം കിട്ടാതെ രോഗി മരിച്ചു എന്ന് കേൾക്കേണ്ട സ്ഥിതി വരരുത്- ഡോ.ഷിംന അസീസ്

സംസ്ഥാനത്ത് മെയ്‌ ഒന്നിന്‌ തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ്‌ വാക്‌സിനേഷനു പിന്നലെ രക്തദൗർബല്യമുണ്ടാകാനുള്ള സാധ്യതകളാണ് ആരോ​ഗ്യ വിദ​ഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ നാട്ടിൽ രക്തദാനം ചെയ്യുന്ന ഭൂരിഭാഗം പേരും 18-45 പ്രായപരിധിയിൽ വരുന്നവരാണ്. അവർക്ക് ഒന്നാം തിയ്യതി വാക്സിനേഷൻ ലഭിച്ചു തുടങ്ങിയാൽ വാക്‌സിനേതായാലും ഫലത്തിൽ ഏതാണ്ട് മൂന്നു മാസത്തോളം രക്തം ദാനം ചെയ്യാൻ പറ്റാതെ വരും. ഓക്സിജൻ കിട്ടാതെ മരിച്ചു’ എന്ന് പറയുന്നത് പോലെ, ‘രക്തം കിട്ടാതെ രോഗി മരിച്ചു’ എന്ന് കേൾക്കേണ്ട സ്‌ഥിതി വരാൻ ഇത് കാരണമായേക്കാമെന്ന് ഡോ. സോഷ്യൽ മീഡിയയിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

മെയ്‌ ഒന്നിന്‌ തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ്‌ വാക്‌സിനേഷൻ ഘട്ടവുമായി ബന്ധപ്പെട്ട്‌ വന്നേക്കാവുന്നൊരു പ്രശ്‌നമുണ്ട്‌.കോവിഡ്‌ വാക്സിനേഷൻ എടുത്താൽ ഉടനെ രക്തം ദാനം ചെയ്യാൻ പറ്റില്ല. ദേശീയ രക്തദാന കൗൺസിലിന്റെ നിർദേശപ്രകാരം രണ്ട് ഡോസ് വാക്സിൻ എടുത്ത്‌ വാക്‌സിനേഷൻ ഷെഡ്യൂൾ പൂർത്തീകരിച്ച്‌ കഴിഞ്ഞ് 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാൻ പാടുള്ളൂ എന്നാണ്. നിങ്ങൾ എടുക്കുന്നത് കോവാക്സിൻ ആയാലും കോവിഷീൽഡ്‌ ആയാലും ഇത് ബാധകമാണ്. കോവിഡ്‌ രോഗം വന്ന്‌ നെഗറ്റീവ് ആയാലും ഇത് പോലെ 28 ദിവസം കഴിഞ്ഞേ രക്തദാനം ചെയ്യാനാവൂ.

നമ്മുടെ നാട്ടിൽ രക്തദാനം ചെയ്യുന്ന ഭൂരിഭാഗം പേരും 18-45 പ്രായപരിധിയിൽ വരുന്നവരാണ്. അവർക്ക് ഒന്നാം തിയ്യതി വാക്സിനേഷൻ ലഭിച്ചു തുടങ്ങിയാൽ വാക്‌സിനേതായാലും ഫലത്തിൽ ഏതാണ്ട് മൂന്നു മാസത്തോളം രക്തം ദാനം ചെയ്യാൻ പറ്റാതെ വരും. ‘ഓക്സിജൻ കിട്ടാതെ മരിച്ചു’ എന്ന് പറയുന്നത് പോലെ, ‘രക്തം കിട്ടാതെ രോഗി മരിച്ചു’ എന്ന് കേൾക്കേണ്ട സ്‌ഥിതി വരാൻ ഇത് കാരണമായേക്കാം. കൊറോണ അല്ലാതെയും ഒരുപാട്‌ രോഗങ്ങൾ പഴയ പടി ഇന്നും നമുക്ക് ചുറ്റുമുണ്ട്. വലിയൊരു നിഴൽ പോലെ നമ്മെ മൂടിയിരിക്കുന്ന പുത്തൻ മഹാമാരിയുടെ ഇരുട്ടിൽ നിൽക്കുന്നത് കൊണ്ട് സ്വയമറിയാതെ അവയെല്ലാം നമ്മൾ അവഗണിച്ച്‌ പോകുകയാണ്. അപകടങ്ങളുടെ ഇരകളും സ്ഥിരമായി രക്തം കയറ്റേണ്ടി വരുന്ന നിത്യരോഗികളും പല തരം ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ടവരുമെല്ലാം പ്രതീക്ഷയോടെ നമ്മുടെ കണ്ണുകളിലേക്കുറ്റ്‌ നോക്കുന്നുണ്ട്. മൂന്ന്‌ മാസം പോയിട്ട്‌ മൂന്ന്‌ ദിവസം തികച്ച്‌ അവരെ കാത്ത്‌ നിർത്താനാവില്ല.

ഈ അവസ്ഥക്ക് ഒരു പ്രതിരോധമെന്നോണം, മെയ്‌ ഒന്ന് മുതൽ വാക്സിൻ എടുക്കാൻ പോകുന്ന ഓരോരുത്തരും ദയവ് ചെയ്തു അടുത്തുള്ള ബ്ലഡ് ബാങ്കിൽ ഉടനേ പോയി രക്തം ദാനം ചെയ്യുക. രക്‌തദാനക്യാമ്പുകളും ക്യാമ്പെയിനുമൊന്നും ഇപ്പോഴത്തെ കോവിഡ്‌ നിയന്ത്രണങ്ങൾക്കിടയിൽ പ്രായോഗികമല്ലാത്തതിനാൽ ഓരോരുത്തരും ഇതിനായി സ്വയം മുന്നിട്ടിറങ്ങുകയേ വഴിയുള്ളൂ.ആണിനും പെണ്ണിനും രക്തം ദാനം ചെയ്യാൻ സാധിക്കും. ഇതൊരു men’s only സംഗതിയൊന്നുമല്ല. ജീവൻ രക്ഷിക്കാൻ നമ്മളാൽ സാധിക്കുന്നതെല്ലാം ചെയ്യേണ്ട കാലമാണ്. ഒരു ദുരന്തം വരുമ്പോൾ ചേർന്ന് നിന്ന് തീരുമാനങ്ങൾ എടുത്തേ മതിയാകൂ. വിവേകത്തോടെ, മുൻകരുതലോടെ നീങ്ങിയേ മതിയാകൂ.

ദയവു ചെയ്ത്‌, നിങ്ങളുടെ ആദ്യ ഡോസ് വാസ്കിൻ സ്വീകരിക്കുന്നതിന് മുൻപ് ഒരു ജീവന് കൈത്തണലാകുക. അസാധാരണ സാഹചര്യങ്ങളിൽ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്‌ ഇത്തരം ചില കർമ്മങ്ങളാണ്‌. അത്‌ കൊണ്ട്‌ തന്നെ, എന്നും നമ്മളുണ്ടായിട്ടുള്ളത്‌ പോലെ നമുക്ക്‌ നമ്മുടെ നാടിനൊപ്പം ശക്‌തമായിത്തന്നെ നിൽക്കാം. സ്വയം സുരക്ഷിതരാകും മുൻപ് സഹജീവിയെക്കൂടി സുരക്ഷിതരാക്കാം. രക്തം ദാനം ചെയ്യാം. ഇതും വലിയൊരു പ്രതിരോധമാണ്‌…Edit (25/04/2021)- കോവിഡ്‌ വാക്‌സിൻ ആദ്യഡോസ്‌ കഴിഞ്ഞ്‌ 28 ദിവസത്തിന്‌ ശേഷവും രണ്ടാമത്‌ ഡോസ്‌ കഴിഞ്ഞ്‌ 28 ദിവസത്തിന്‌ ശേഷവും രക്‌തം ദാനം ചെയ്യാം എന്ന്‌ കേരള ആരോഗ്യവകുപ്പ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. NBTC സർക്കുലറിൽ പറഞ്ഞതിൽ ആരോഗ്യവകുപ്പ്‌ വിശദീകരണം തരുമ്പോൾ കൂടുതൽ പ്രതീക്ഷയുള്ള സ്‌ഥിതിയാണ്‌. തീർച്ചയായും ഈ കോവിഡ്‌ കാലത്ത്‌ രക്‌തദാനം ചെയ്‌ത്‌ മാതൃകയാകണം എന്നൊരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.