ഭര്‍ത്താവിനെ കുടുക്കാന്‍ വ്യാജമദ്യം ഒളിപ്പിച്ച് ഭാര്യ, കൂട്ട് നിന്ന് മകന്‍

പ്രസന്ന, സജിന്‍

വര്‍ക്കല: ഭര്‍ത്താവിനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഭാര്യയും ഒപ്പം നിന്ന മകനും ഒടുവില്‍ എക്‌സൈസ് സംഘത്തിന്റെ അവസരോചിതമായ ഇടപെടലില്‍ കുടുങ്ങി. ഗൂഢാലോചന പൊളിച്ചത് വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ ഇടപെടലാണ്. പ്രസന്ന 70 കാരിയും ഇവരുടെ മകന്‍ സജിന്‍ എന്ന 34കാരനുമാണ് കുടുങ്ങിയത്. അയിരൂര്‍ ചാവര്‍ക്കോട് മലവിള സജിന വീട്ടില്‍ വിജയന്റെ(72) പേരിലാണ് ഇദ്ദേഹത്തിന്റെ ഭാര്യയായ പ്രസന്നയും മകന്‍ സജിനും കള്ള കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്.

വിജയന്റെ പേരിലുള്ള സ്വത്തിന്റെ പേരില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. പ്രസന്നയും മകനും വീട്ടില്‍ നിന്ന് മാറി താമസിച്ച് വരികയായിരുന്നു. വിജയനെ കുടുക്കാനായി അഞ്ച് ലിറ്റര്‍ വാറ്റ് ചാരായവും നീല് ലിറ്റര്‍ വിദേശ മദ്യവും മിനറല്‍ വെള്ളവും കുപ്പികളിലാക്കി ഒമ്പത് ലിറ്റര്‍ മദ്യം വീടിന് പിന്നിലെ തൊഴുത്തില്‍ ഒളുപ്പിച്ചു. തുടര്‍ന്ന് സജിന്‍ എക്‌സൈസിനെ വിളിച്ച് വരുത്തുകയായിരുന്നു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി മദ്യം പിടികൂടി. വിജയനെ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ അഭാവത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. വിദേശത്ത് നിന്നുമുള്ള ഒരാള്‍ ആണ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ മൊബൈലിലേക്ക് മദ്യം ഇരിക്കുന്ന സ്ഥലത്തിന്റെ ചിത്രം അയച്ചത്. ഇതാണ് സംശയത്തിന് വഴിയൊരുക്കിയത്.

ചിത്രം എടുക്കാന്‍ വീട്ടില്‍ നിന്ന് ഒരാള്‍ സഹായിച്ചു എന്ന് വ്യക്തമായ എക്‌സൈസ് സംഘം വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സിസി ടിവി ദൃശ്യങ്ങളില്‍ 17-ാം തീയതി സജിനും മദ്യം കണ്ടെടുത്ത സ്ഥലത്ത് നില്‍ക്കുന്നതായി വ്യക്തമായി. ഇതോടെ പ്രസന്നയ്ക്കും സജിനും എതിരെ എക്‌സൈസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.