ഒരു നിറത്തെ കുറ്റകൃത്യത്തിന്റെ നിറമാക്കിയത് നമ്മളടങ്ങുന്ന സമൂഹമാണ്, ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ നമ്മളും കാരണക്കാരാണ്, ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ അമേരിക്കയില്‍ അതിദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലേക്കും ട്രംപിനെതിരെയുള്ള പ്രതിഷേധം വരെയായി അത് മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ പ്രതിഷേധം നമ്മുടെ കൊച്ചു കേരളത്തിലും നടക്കുന്നുണ്ട്. വര്‍ണവെറിയുടെ പേരില്‍ കൊല്ലപ്പെട്ട നിരപരാധിക്ക് നീതി ലഭിക്കാന്‍ നാടൊന്നാകെ അലമുറയിടുമ്പാള്‍ രോഷകുറിപ്പ് പങ്കുവെയ്ക്കുകയാണ് ഡോ.നെല്‍സണ്‍ ജോസഫ്. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും കാരണക്കാരാണ്, എന്നാണ് ഡോ നെല്‍സണ്‍ പറയുന്നത്. കുറിപ്പ് വായിക്കാം.

ജോര്‍ജ് ഫ്‌ലോയ്ഡ്.

നിറം ഒന്നുകൊണ്ടുമാത്രം നാടും നാട്ടാരും നോക്കിനില്‍ക്കെ പട്ടാപ്പകല്‍ തെരുവില്‍ വച്ച് പൊലീസിന്റെ , അധികാരത്തിന്റെ , വര്‍ണവെറിയുടെ കൈകളാല്‍ കൊല്ലപ്പെട്ട നിരപരാധി.

അറിഞ്ഞോ അറിയാതെയോ ഞാനും നിങ്ങളും ആ കൃത്യത്തില്‍ പങ്കാളികളാണ്. കറുത്ത കൈകളെന്നും കരിങ്കാലിയെന്നും രാജ്യത്തിനേറ്റ കറുത്ത കളങ്കമെന്നുമൊക്കെ ആരോ പറഞ്ഞത് കേട്ട് ആവര്‍ത്തിച്ച് ഒരു നിറത്തെ കുറ്റകൃത്യത്തിന്റെ നിറമാക്കിയതിന്..

കുറ്റം ചെയ്തതുകൊണ്ടാണ് കൊല്ലപ്പെട്ടത്, മോഷ്ടിച്ചതുകൊണ്ടാണ് പിടികൂടാന്‍ ശ്രമിച്ചത് എന്ന് കേള്‍ക്കുമ്പൊ രണ്ടാമതൊന്ന് ആലോചിക്കാന്‍ തോന്നാത്തവിധമാക്കിത്തീര്‍ത്തതിന്.

പലപ്പൊഴായി വായിച്ചിട്ടുണ്ട്, പലയിടങ്ങളിലും കണ്ടിട്ടുണ്ട് ഹിറ്റ്‌ലറുടെ കാലത്തെ ജര്‍മനിയില്‍ ജൂതരെ ചിത്രീകരിച്ചിരുന്ന, കുഞ്ഞുങ്ങളെപ്പോലും പഠിപ്പിച്ചിരുന്ന രീതികളെക്കുറിച്ച്. അവര്‍ മനുഷ്യരെക്കാള്‍ താഴെയാവുന്നത് എങ്ങിനെയാണെന്ന്.

ശ്വസിക്കാനാവുന്നില്ല എന്ന അയാളുടെ കരച്ചില്‍ കേള്‍ക്കാന്‍ കഴിയാതെയാക്കിയതിന് നൂറ്റാണ്ടുകളോളം പഴക്കമുള്ള അത്തരം കണ്ടീഷനിങ്ങുകള്‍ക്ക് പങ്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു കറുത്ത വര്‍ഗക്കാരന്‍ മരിച്ചാല്‍ ഒരു മോഷ്ടാവ് കുറഞ്ഞുവെന്ന് ചിന്തിക്കാന്‍ തോന്നിക്കുന്ന കണ്ടീഷനിങ്ങുകള്‍.

അങ്ങ് അമേരിക്കയില്‍ നടന്ന ഒരു സംഭവം ഇവിടെ പ്രസക്തമാവുന്നത് അവിടെയാണ്…

ഒന്ന് ഓര്‍ത്തുനോക്കൂ, മരണത്തെ വിക്കറ്റ് വീഴ്ചയാക്കുന്നവരെക്കുറിച്ച്. മരണവാര്‍ത്തയുടെ താഴെ ഒരു തീവ്രവാദി കുറഞ്ഞുവെന്ന് വരുന്ന കമന്റുകളെക്കുറിച്ച്..മുടിയുടെ നീളം കൊണ്ട് വിധിക്കപ്പെടുന്നവരെക്കുറിച്ച്..

തെറ്റുകാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയാണ് എന്നയിടത്ത് നിന്ന് എല്ലാ കറുത്ത വംശജരും തെറ്റുകാരാണ് എന്നും താന്‍ അങ്ങനെയല്ല എന്ന് തെളിയിക്കപ്പെടേണ്ടതുണ്ട് എന്നും വരുന്നത് വര്‍ണവിവേചനത്തിന്റെ ഒരു ഭാഗം..

ഓര്‍മിച്ച് നോക്കിയാല്‍ അതിനു സമാനമായ എത്രയോ വിവേചനങ്ങള്‍ കാണാം ചുറ്റും…പേരിന്റെ അടിസ്ഥാനത്തില്‍, ജീവിത സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍, തൊഴിലിന്റെ അടിസ്ഥാനത്തില്‍, ജാതിയുടെ അടിസ്ഥാനത്തില്‍ എന്തിന്, ജീവിക്കുന്ന ഇടങ്ങളുടെ അടിസ്ഥാനത്തില്‍ പോലും.

പേരുകൊണ്ട് രാജ്യദ്രോഹിയും തീവ്രവാദിയുമാവുന്നവര്‍, മുടിയുടെ നീളം നോക്കി കള്ളനാക്കപ്പെടുന്നവരും കള്ളലക്ഷണം ആരോപിക്കപ്പെടുന്നവരും, താമസിക്കുന്ന ഇടം കൊണ്ട് നിലവാരമില്ലെന്ന് മുദ്രകുത്തപ്പെടുന്നവര്‍…ഏതെല്ലാം രൂപത്തില്‍ ചുറ്റുമുണ്ടെന്ന് നോക്കാനുള്ള അവസരം കൂടിയാണ്.

പ്രതിഷേധം കനക്കുകയാണ് അമേരിക്കയില്‍. സി.എന്‍.എന്നിന്റെ കറുത്ത വംശജനായ റിപ്പോര്‍ട്ടറെ ഓണ്‍ എയര്‍ അറസ്റ്റ് ചെയ്ത് നീക്കം ചെയ്ത് പിന്നീട് വിട്ടയച്ചുവെന്ന് വാര്‍ത്തകള്‍ കാണുന്നുണ്ട്.

എല്ലാം ശാന്തമാക്കേണ്ട പ്രസിഡന്റിന്റെ ട്വീറ്റ് വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നതുകൊണ്ട് ഫ്‌ലാഗ് ചെയ്യേണ്ടുന്ന അവസ്ഥ വരെ എത്തിനില്‍ക്കുന്നു.

അനീതി നടന്നത് അമേരിക്കയിലാവുമ്പൊ പ്രതികരിക്കാന്‍ നമുക്ക് എളുപ്പമാണ്…

ഈ കേരളത്തിലായിരുന്നെങ്കിലോ?

ഭരണം നോക്കണം, പാര്‍ട്ടി നോക്കണം. മതം നോക്കണം.. അങ്ങനെ എന്തെല്ലാം നോക്കിയാലാണ് അനീതിക്കെതിരെ ഒന്ന് ശബ്ദമുയര്‍ത്താന്‍ കഴിയുന്നത്.

പലരും പറഞ്ഞുകേട്ടതുപോലെ എനിക്ക് ശ്വാസം മുട്ടുന്നുവെന്നത് ഒരു മുദ്രാവാക്യമായിരുന്നില്ല. അയാളുടെ അവസാനത്തെ കരച്ചിലായിരുന്നു. അത് കേട്ടിട്ടും കേള്‍ക്കാതെ തിരിഞ്ഞ് നിന്നുകളഞ്ഞൂ എല്ലാവരും..

ചുറ്റും നോക്കണ്ട..

‘ എനിക്ക് ശ്വാസം മുട്ടുന്നു ‘ വെന്ന് കേള്‍ക്കുമ്പൊ ന്യായീകരിക്കാന്‍ ശ്രമിക്കാതെയെങ്കിലുമിരുന്നാല്‍ മതി.