ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഒളിച്ചോടുന്നു, രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ ഗുലാം നബി ആസാദ്

ബനിഹാൾ : രാഹുലിനെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ജനവിധി തേടാൻ രാഹുൽ തയ്യാറാകുന്നില്ലെന്നും ന്യൂനപക്ഷ മേഖലകളിൽ അഭയാർത്ഥിയായി ചേക്കേറുകയാണെന്നും ഗുലാം നബി ആസാദ് വിമർശിച്ചു. കശ്മീരിലെ ബനിഹാളിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാൻ കൂടിയായ ഗുലാം നബി ആസാദ്.

ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ധീരമായ പോരാട്ടമാണ് നടത്തുന്നതെന്ന കോൺഗ്രസിൻ്റെ വാദങ്ങളെ അദ്ദേഹം തള്ളി. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സരിക്കാൻ മടിക്കുന്നത്? ബിജെപിയോട് പോരാടുമെന്ന് രാഹുൽ പറയുമ്പോൾ, അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ മറിച്ചാണ് സൂചിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് മാറി ന്യൂനപക്ഷ ആധിപത്യമുള്ള സംസ്ഥാനങ്ങളിൽ അഭയം തേടുന്നത് എന്തുകൊണ്ട്?”-​ഗുലാം നബി ചോദിച്ചു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ നിന്ന് വിജയിച്ചു. ബിജെപിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകളിൽ രാഹുൽ ഗാന്ധി “വിമുഖത” കാണിക്കുന്നുവെന്നും ന്യൂനപക്ഷ ജനസംഖ്യ കൂടുതലുള്ള സുരക്ഷിത ഇരിപ്പിടങ്ങൾ തേടാനുള്ള പ്രവണത കാണിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.