‘മരണങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന ആവസ്ഥയാണ്, കേരളത്തില്‍ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ച് വരുത്തരുത്’; ഇറ്റലിയിലുള്ള മലയാളി വിദ്യാര്‍ത്ഥിനി കരഞ്ഞുകൊണ്ട് പറയുന്നു

കൊറോണ ലോകം ആസകലം വന്‍ ഭീതി വിതയ്ക്കുകയാണ്. ചൈനയെക്കാള്‍ സ്ഥിതി മോശം ഇറ്റലിയിലാണ്. നിരവധി പേരാണ് ദിവസവും ഇറ്റലിയില്‍ മരിച്ച് വീഴുന്നത്. ഇപ്പോള്‍ ഇറ്റലിയില്‍ പഠിക്കാന്‍ പോയ മലയാളി വിദ്യാര്‍ത്ഥിനി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞ കാര്യങ്ങളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റേത് മരണങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന ആവസ്ഥയാണ്. കേരളത്തില്‍ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ച് വരുത്തരുതെന്നും നിരീക്ഷണത്തിലല്‍ ഇരിക്കുന്നവര്‍ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും ഇവിടെ നിന്ന് നാട്ടിലേക്ക് വരാത്തത് നിങ്ങളുടെ നല്ലത് ഓര്‍ത്തിട്ടാണെന്നും വിദ്യാര്‍ത്ഥിനി കരഞ്ഞുകൊണ്ട് പറയുന്നു.

വിദ്യാര്‍ത്ഥിനിയുടെ വാക്കുകള്‍ ഇങ്ങനെ

‘ഇറ്റലിയില്‍ ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ലംബോര്‍ഡി റീജിയനില്‍ പഠിക്കുന്ന ഒരു മൈക്രോബയോളജി വിദ്യാര്‍ഥിനിയാണ്. ഇറ്റാലിയന്‍ സമയം പുലര്‍ച്ചെ 12 മണി കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് വിഡിയോ ചെയ്യുന്നതിനുള്ള കാരണം വീടിനുള്ളില്‍ ഉറങ്ങിയിരുന്ന ഞാന്‍ ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇതിവിടെ ഇപ്പോള്‍ സാധാരണമായി തുടങ്ങിയിരിക്കുന്നു. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരില്ല. ഞാന്‍ ഹോം ക്വാറന്റീനിലായിട്ട് 27 ദിവസം കഴിഞ്ഞു. അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രം പുറത്തു പോകും. ആര്‍മി വണ്ടികള്‍ വരിവരിയായി പോകുന്നു. അതില്‍ നിറച്ച് മരിച്ചവരും അല്ലാത്തവരുമായ മനുഷ്യര്‍.

ദിവസവും ഇതു കാണുമ്പോള്‍ മനസ്സ് മരവിച്ച അവസ്ഥയാണ്. ഇനി എന്താണ് സംഭവിക്കുന്നതെന്നോര്‍ക്കുമ്പോള്‍ പേടിയാണ്.ആറായിരത്തിനു പുറത്തായി മരണസംഖ്യ. ആകെ കേസുകള്‍ 63,000 കവിഞ്ഞു. എന്നു വച്ചാല്‍ ഇന്‍ഫെക്ഷന്‍ വന്നതില്‍ പത്തു ശതമാനത്തോളം മരണം, നമ്മുടെ ഇന്ത്യന്‍ പോപ്പുലേഷന്‍ വച്ച് താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്ന് മാത്രമേ ഉള്ളു. ഈ രോഗം ഇന്ത്യയില്‍ വന്നു കഴിഞ്ഞാല്‍ അതും ഇപ്പോള്‍ സ്ഥിരീകരിച്ച അവസ്ഥ കൂടിക്കഴിഞ്ഞാന്‍ നമുക്കൊന്നും വിചാരിക്കാന്‍ പറ്റാത്ത അത്രയും ഇവിടെ സംഭവിക്കുന്നതിന്റെ മൂന്നിരട്ടി മരണങ്ങളാകും വെറും രണ്ടാഴ്ച കൊണ്ടോ മൂന്നാഴ്ച കൊണ്ടോ സംഭവിക്കുക.

ഇവിടെ മരിക്കുന്നവരുടെ ബോഡി സംസ്‌കരിക്കാനുള്ള സ്ഥലം പോലും ഇല്ല. മോര്‍ച്ചറിയാല്‍ ബോഡി ശേഖരിച്ചു വച്ച് സംസ്‌കരിക്കാന്‍ വേണ്ടി ഓരോന്നു ചെയ്യുകയായിരുന്നു. ഇനി ഒരു കുഴിമാടത്തിലേക്ക് കുറേ പേരെ ഇട്ട് സംസ്‌കരിക്കാന്‍ പോകുകയാണെന്നും കേള്‍ക്കുന്നു.ഇവിടുത്തെപോലെയുള്ള അവസ്ഥ ആകരുതെന്നു വിചാരിച്ചാണ് കേരളത്തില്‍ ഇത്രയും മുന്‍കരുതല്‍ എടുക്കുന്നത്. ദയവു ചെയ്ത് അതെല്ലാവരും അനുസരിക്കണം. ഇവിടുത്തെ ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നവരൊക്കെ കൈവിട്ട അവസ്ഥയിലാണ്. ആരെ രക്ഷിക്കണം, ആരെ സഹായിക്കണം എന്നറിയാത്ത അവസ്ഥയിലാണ് അവര്‍. ഈ സിറ്റി ലോക്ഡൗണ്‍ നേരത്തെ എടുത്തിരുന്നെങ്കില്‍ ഇത്രയും ഭീകരമായ അവസ്ഥ ഇവിടെ സംഭവിക്കില്ലായിരുന്നു.

ഇന്ത്യയിലുള്ള കുറച്ച് വിദ്യാര്‍ഥികള്‍ ഇവിടുണ്ട്. പക്ഷേ ഞങ്ങളാരും നാട്ടിലേക്കു വരുന്നില്ല. ഞങ്ങള്‍ വന്ന് അവിടാര്‍ക്കും ഒന്നും സംഭവിച്ചുകൂടാ എന്നു വച്ചാണ്. മരണങ്ങള്‍ക്കു നടുവില്‍ ജീവിക്കുക എന്ന അവസ്ഥയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത് അനുസരിക്കുക. മൈക്രോബയോളജി വിദ്യാര്‍ഥിനി ആയതിനാല്‍ത്തന്നെ ഇതിന്റെ ഗൗരവം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. മെഡിക്കല്‍ രംഗത്തുള്ള എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.’

Opublikowany przez Vineethę T Poniedziałek, 23 marca 2020