സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്; കീഴ്‌ക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി

കൊച്ചി. സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശം. പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാമെന്ന് കോടതി പറഞ്ഞു. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും ഇരയും നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി.

ഓഗസ്റ്റ് 12ന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‌സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചാല്‍ ലൈംഗികാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.

2020 ഫെബ്രുവരി ഏട്ടിന് നടന്ന ക്യാപിന് ശേഷം പരാതിക്കാരി കടല്‍ത്തീരത്ത് വിശ്രമിക്കുമ്പോള്‍ സിവിക് ചന്ദ്രന്‍ കടന്നു പിടിച്ചുവെന്നാണ് പരാതി. 2022 ജൂലൈ 29നാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. ഇരയുടെ വസ്ത്രധാരണം ഒരു സ്ത്രീയുടെ മാന്യതയെ അക്രമിച്ചു എന്ന കുറ്റത്തില്‍ നിന്ന് പ്രതിയെ മോചിപ്പിക്കാനുള്ള നിയമപരമായ കാരണമായി കണക്കാക്കാനാവില്ല. ഏത് വസ്ത്രവും ധരിക്കുവാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.