നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം. നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷം നടത്തിയ സമരത്തേക്കുറിച്ച് സ്പീക്കര്‍ സംസാരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. സ്പീക്കറുടെ മുഖം മറച്ച് ഉള്‍പ്പെടെ പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തി.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഇന്നലെ സഭയില്‍ ഉണ്ടായതെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് അടിയന്തര പ്രമേയം അവകാശമാണെന്നും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സഭ ടിവി ഏകപക്ഷീയമാണെന്നും സഭയില്‍ നടക്കുന്നത് ജനം കാണണ്ടേയെന്നും സതീശന്‍ ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

സ്പീക്കര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡ്മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നടുത്തളത്തില്‍ സമാന്തര സമ്മേളനം ചേര്‍ന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു. സ്പീക്കര്‍ വിളിച്ചയോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കം ഉണ്ടായി.