2025 ൽ ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത യാഥാർഥ്യമാകും

ആലപ്പുഴ. 2025ഓടെ ചെങ്ങന്നൂര്‍ പമ്പ പുതിയ റെയില്‍ വേ പാത യാഥാര്‍ത്ഥ്യമാക്കുവാന്‍ റെയില്‍വേ. ഇതിന് മുന്നോടിയായി ചെങ്ങന്നൂര്‍ പമ്പ പാതയുടെ സര്‍വേ ആരംഭിച്ചു. 77 കിലോമീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മ്മിക്കുന്നതെന്നും റെയില്‍ വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസ് പറഞ്ഞു. രാജ്യത്തെ റെയില്‍ വേ സ്റ്റേഷനുകളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 17,000 കോടിയാണ് നീക്കി വെച്ചിരിക്കുന്നത്.

റെയില്‍ വേസ്‌റ്റേഷനുകളുടെ രണ്ടാം ഘട്ട നവീകരണത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 300 കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയ ശേഷം പാത ഭൂമിയിലൂടെയാണോ ഉയര്‍ത്തിയാണോ എന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റെയില്‍ വേ സ്റ്റേഷനുകളുടെ കാര്യത്തില്‍ വിപ്ലവകരമായ വികസനമാണ് ഉണ്ടാകാന്‍ പോകുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ചെങ്ങന്നൂര്‍- പമ്പ റെയില്‍വേ പാതയ്ക്ക് അനുമതി നല്‍കിയത്.