ജോളിയുടെ അടുത്ത സുഹൃത്തായിരുന്ന ജയശ്രീക്ക് കുടുക്ക് മുറുകുന്നു

വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ചെന്ന ആരോപണത്തെ ത്തുടര്‍ന്ന് ജോളിയുടെ അടുത്ത സുഹൃത്തായിരുന്ന ജയശ്രീക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീയെ കോഴിക്കോട് കളക്ടറേറ്റില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തു്. റവന്യൂ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് ഡെപ്യൂട്ടി കളക്ടര്‍ സി ബിജു ജയശ്രീയെ ചോദ്യം ചെയ്യുന്നത്.

ജില്ലാ കളക്ടര്‍ വി സാംബശിവ റാവുവിനോട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പൊലീസ് റിപ്പോര്‍ട്ടും, നിലവില്‍ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും എടുത്ത് ക്രോഡീകരിച്ച ശേഷം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട് നാളെ കൂടത്തായി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കുന്നുണ്ട്.

വ്യാജ വില്‍പത്രം ഉപയോഗിച്ച് പൊന്നാമറ്റം വീടും പുരയിടവും സ്വന്തം പേരിലേക്ക് മാറ്റിയ ജോളി ഒരു തവണ നികുതിയടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജോളിക്ക് നികുതി അടയ്ക്കാനായില്ല. സ്വത്ത് മാറ്റിയ വില്‍പത്രം വ്യാജമാണെന്ന് കാണിച്ച് ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരങ്ങളായ റെഞ്ചിയും റോജോയും നല്‍കിയ പരാതിയില്‍ വില്ലേജ് ഓഫീസ് അന്വേഷണം നടത്തി. ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ വില്ലേജോഫീസിലില്ല. കാണാനില്ലെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുക. നേരത്തേ കൂടത്തായി വില്ലേജോഫീസില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.