മട്ടന്നൂരിൻ്റെ ഉണ്ണിയാർച്ച ശൈലജയ്ക്ക് ഐക്യദാർഢ്യം

ഹമാസ് ഭീകരർ ആണെന്ന്, പാർട്ടി നയത്തിൽ നിന്ന് വ്യതിചലിച്ച് നിരീക്ഷിച്ച അന്ന് മുതൽ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ പലർക്കും നോട്ടപ്പുള്ളിയാണ്‌. കുറച്ച് കൂടി കടത്തി പറഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയപ്പോഴും, അടുത്ത മുഖ്യമന്ത്രി എന്ന് പാർട്റ്റി സഖാക്കൾ പോസ്റ്റുകൾ ഇട്ടപ്പോഴും എല്ലാം കെ കെ ശൈലജ ചിലർക്ക് നോട്ട പുള്ളി മാത്രമല്ല ഹിറ്റ് ലിസ്റ്റിലും ഉണ്ടായിരുന്നു. ഇനി ഭാവി മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ അപ്പോൾ ഇപ്പോഴത്തേ മുഖ്യമന്ത്രിയുടെ കുടുംബം വരെ പിണങ്ങി എന്നും വരാം. ഇപ്പോൾ കെ കെ ശൈലജയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകൻ രാമചന്ദ്രന്റെ കുറിപ്പാണ്‌ ശ്രദ്ധേയം ആകുന്നത്.

കെ കെ ശൈലജ ടീച്ചറുടെ വിഷയത്തിൽ വിജയൻ കള്ളം പറഞ്ഞു എന്നാണ്‌ പറയുന്നത്. വെറും 15 മിനുട്ട് മാത്രമാണ്‌ മട്ടന്നൂരിലെ എം എൽ എ കൂടിയായ കെ കെ ശൈലജ അവിടെ പ്രസംഗിച്ചത്. അല്ലെങ്കിൽ, ഒരാൾ കൂടുതൽ പ്രസംഗിക്കുന്നു എന്ന് വയ്ക്കുക -അത്, നിർത്തിക്കാൻ എത്രയോ മാർഗങ്ങളുണ്ട്. കുറിപ്പ് കൊടുക്കാം. ഏരിയ സെക്രട്ടറിയെ വിട്ട് ചെവിയിൽ തെറി പറയിക്കാം. അതൊന്നും ചെയ്യാതെ, വോട്ടർമാർക്ക് മുന്നിൽ അവരെ ഇകഴ്ത്തിയത് എന്തിന്?മാധ്യമ പ്രവർത്തകൻ രാമചന്ദ്രന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

ശൈലജയ്ക്ക് ഐക്യദാർഢ്യം

________________________
മട്ടന്നൂരിൻ്റെ ഉണ്ണിയാർച്ച കെ കെ ശൈലജയ്ക്ക് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഹമാസ് ഭീകരർ ആണെന്ന്, പാർട്ടി നയത്തിൽ നിന്ന് വ്യതിചലിച്ച് നിരീക്ഷിച്ച അന്ന് മുതൽ അല്ല ഞാൻ സഖാവിനെ ശ്രദ്ധിക്കുന്നത്. പഴയ നിയമസഭയിൽ ഞാനിരുന്ന പ്രസ് ഗാലറിക്ക് മുന്നിലൂടെ അവർ സീറ്റിലേക്ക് പോകുമ്പോൾ, കുശലം പറയുമായിരുന്നു.
ഇക്കുറി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അവരെ വെട്ടാൻ തീരുമാനിച്ചിട്ടും, അവർ പോരാടിയാണ് സീറ്റ് നേടിയത്. തോമസ് ഐസക്കിനെയും മറ്റും ഇളവ് നൽകാതെ വെട്ടിയപ്പോഴാണ്, ഇത് നടന്നത്.
കോവിഡ് കാലത്ത് അവർ ഷൈൻ ചെയ്യാതിരിക്കാൻ പിന്നീട് പത്രസമ്മേളനങ്ങൾ വിജയൻ സഖാവ് പിടിച്ചു വാങ്ങി. അവർ മൂകസാക്ഷിയായി. മാഗ്‌സെസെ കിട്ടിയപ്പോൾ അത് തട്ടിത്തെറിപ്പിച്ചു -ധർമ്മടത്ത് വിജയസ്തുതി ആലപിച്ച ടി എം കൃഷ്ണയ്ക്ക് അത് വാങ്ങാം; മാർക്സിസ്റ്റായ പി സായ്‌നാഥിന് അത് വാങ്ങാം. പാർട്ടിയിൽ അവർ അയിത്തം നേരിട്ടു. അന്ന്, അത്, ടീച്ചർ വാങ്ങണമായിരുന്നു. കേരളം കൂടെ നിന്നേനെ.
നവകേരളം ഉണ്ടാക്കാനിറങ്ങിയ വിജയൻ അവരെ, കൂടുതൽ പ്രസംഗിച്ചെന്ന് മുദ്രകുത്തി, പരസ്യമായി ശാസിച്ചു. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇന്ന് ടീച്ചർ എഴുന്നേറ്റ് നിന്നു. അവർ പറഞ്ഞിരിക്കുന്നു: “മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്, തെറ്റിദ്ധാരണ കൊണ്ടാകാമെന്നാണ് വിചാരിക്കുന്നത്. യോഗത്തിൽ 15 മിനിറ്റോളമാണ് ഞാൻ സംസാരിച്ചത്. തുടർന്ന് മൂന്ന് മന്ത്രിമാർ സംസാരിക്കുകയും ചെയ്തു. എൻ്റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല.”
വിജയൻ കള്ളം പറഞ്ഞു എന്നർത്ഥം. അല്ലെങ്കിൽ, ഒരാൾ കൂടുതൽ പ്രസംഗിക്കുന്നു എന്ന് വയ്ക്കുക -അത്, നിർത്തിക്കാൻ എത്രയോ മാർഗങ്ങളുണ്ട്. കുറിപ്പ് കൊടുക്കാം. ഏരിയ സെക്രട്ടറിയെ വിട്ട് ചെവിയിൽ തെറി പറയിക്കാം. അതൊന്നും ചെയ്യാതെ, വോട്ടർമാർക്ക് മുന്നിൽ അവരെ ഇകഴ്ത്തിയത് എന്തിന്?
അതിനാൽ, ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് വേണ്ടി ടീച്ചർ എഴുന്നേറ്റ് നിന്നത് നന്നായി. ടീച്ചറുടെ ഈ വിജയത്തിൽ, മട്ടന്നൂർ ശങ്കരൻകുട്ടി ഒരു സ്‌പെഷൽ തായമ്പക പൂശേണ്ടതാണ്.

ഇത്തരത്തിലാണ്‌ മാധ്യമ പ്രവർത്തകൻ രാമചന്ദ്രൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ഇപ്പോഴും പാർട്ടിയിൽ പിണറായിക്ക് ഒപ്പമോ തുല്യമോ മുകളിലോ ആയ ഒരു ജനകീയത കെ കെ ശൈലജക്ക് ഉണ്ട്. മട്ടന്നൂരിൽ എത്തിയപ്പോൾ മുഖ്യമന്ത്രി തന്നെ അറിയാതെ ഈ ആശങ്ക പുറത്ത് വരികയായിരുന്നു. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലും കെ കെ ശൈലജയോട് മുഖ്യമന്ത്രി പറഞ്ഞ ശകാര വാക്കുകൾ ശരിയാവുകയാണ്‌