പുരസ്‌കാരം കൈയ്യില്‍ കൊടുത്താല്‍ കൊറോണ വരും,സംസ്ഥാന പുരസ്‌കാരങ്ങള്‍ മേശപ്പുറത്ത് നിന്നെടുത്ത് ജേതാക്കള്‍

ഇന്നലെ നടന്ന 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനസ്വാധീനമുള്ള കലാരൂപത്തെ സാമൂഹ്യനീതിക്കായി വിനിയോഗിച്ച കലാകാരന്മാരെ ആദരിക്കുന്നതാണ് ഓരോ അവാര്‍ഡുകളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പതിവിനു വിപരീതമായി പുരസ്കാരങ്ങള്‍ ഇത്തവണ അവാര്‍ഡ് ജേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയില്ല. പകരം മേശപ്പുറത്തിരുന്ന പുരസ്കാരങ്ങള്‍ അവര്‍ സ്വയം എടുക്കുകയായിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുരസ്‌കാരങ്ങള്‍ താന്‍ നേരിട്ട് നല്‍കുന്നത് നല്ലതല്ലെന്നും മേശപ്പുറത്തു വയ്‌ക്കുന്നവ ഓരോരുത്തരും സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ചടങ്ങില്‍ മാറ്റം വരുത്തിയത്. ഇതിനെ തുടര്‍ന്ന് വേദിയിലെത്തിയ ജേതാക്കള്‍ മേശപ്പുറത്ത് വെച്ചിരുന്ന പുരസ്കാരങ്ങള്‍ എടുത്ത് മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയായിരുന്നു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂടും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കനി കുസൃതിയും ഏറ്റുവാങ്ങി. പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി നിവിന്‍ പോളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസികയും അഭിനയത്തിന് പ്രത്യേക ജൂറി പരമാര്‍ശം നേടിയ അന്ന ബെന്നും സന്നിഹിതരായിരുന്നു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍ ഏറ്റു വാങ്ങി. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. ടാഗോര്‍ തിയറ്ററില്‍ വച്ചു നടന്ന പുരസ്കാരദാനച്ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി‌മാരായ എ.കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ആര്യ രാജന്‍ എന്നിവരും പങ്കെടുത്തു.