രാജ്യത്തെ നയിക്കാൻ നരേന്ദ്ര മോദിയെ പോലെ ഒരാൾ വേണം, മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്ന് ഖുശ്ബു

പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദർ ബിജെപി പാർട്ടി അംഗത്വം സ്വീകരിച്ചു.ബിജെപിയുടെ ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്.ബിജെപിയിൽ ചേർന്ന പുതിയ തീരുമാനത്തിൽ സന്തോഷം അറിയിച്ച് ഖുശ്ബു സുന്ദർ.രാജ്യത്തെ നയിക്കാൻ പ്രധാമന്ത്രിയായ നരേന്ദ്ര മോദിയെ പോലെ ഒരാൾ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു

ഇന്ന് ഉച്ചയോടെയാണ് നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയിൽ ചേരുന്നത്.ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഡോ.എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ സെക്രട്ടറി സി.ടി രവി,ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ബിജെപിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു.എന്താണ് നാടിന് നല്ലതെന്ന് പത്തു വർഷം രാഷ്ട്രീയത്തിൽ നിന്നപ്പോൾ തനിക്ക് മനസിലായെന്നും അത് മനസിലാക്കിയാണ് ബിജെപിയിൽ എത്തിയതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു

എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി കോൺഗ്രസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ഖുശ്ബു പാർട്ടിയിൽ നിന്ന് രാജിവച്ചു.ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഖുശ്ബു ബിജെപി പാളയത്തിലെത്തുന്നത്.പാർട്ടിക്കുള്ളിലെ കല്ലുകടി തുറന്നുകാട്ടി സോണിയാ ഗാന്ധിക്ക് ഖുശ്ബു കത്തയക്കുകയും ചെയ്തു.പാർട്ടിക്കുള്ളിൽ അടിച്ചമർത്തലാണെന്നും,ജനസമ്മതിയില്ലാത്ത ആളുകളാണ് പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നുമായിരുന്നു ഖുശ്ബു രാജിക്കത്തിൽ വ്യക്തമാക്കിയത്

ഹത്രാസ് പെൺകുട്ടിയ്ക്ക് നീതി തേടി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഖുശ്ബു പങ്കെടുത്തിരുന്നു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മത്സരിക്കാൻ സീറ്റ് നൽകാത്ത കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന

നേരത്തെ ഡിഎംകെയിൽ നിന്നാണ് ഖുശ്ബു കോൺഗ്രസ്സിലെത്തിയത്.അതിന് ശേഷം കോൺഗ്രസ്സിൽ താൻ പൂർണ സംതൃപ്തയാണെന്നും ബിജെപിയിലേയ്ക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അവർ കഴിഞ്ഞ ദിവസം ഡൽഹിയിൽ പറഞ്ഞിരുന്നത്.എൻ.ഡി.എ സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബി.ജെ.പി പ്രവേശനം വീണ്ടും ചർച്ചയായത്.ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഡി.എം.കെ വിട്ട ഖുശ്ബു 2014ലാണ് കോൺഗ്രസിൽ ചേർന്നത്