കൃഷ്ണന്‍ മന്ത്രവാദത്തിന്റെ മറവില്‍ നടക്കുന്ന കോടികളുടെ സാമ്പത്തിക ഇടപാടിലെ കണ്ണി

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലയ്ക്കു പിന്നില്‍ തമിഴ്‌നാട് സംഘമെന്നും നിധിക്കായി നടത്തിയ മന്ത്രവാദം ഫലിക്കാതിരുന്നതാണു കാരണമെന്നും പോലീസിന്റെ ഏകദേശ സ്ഥിരീകരണം. കൊലപാതക കാരണത്തെപ്പറ്റി പോലീസ് ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നത്. തമിഴ്‌നാട്ടിലെ തേനിയും ആണ്ടിപ്പട്ടിയും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. െറെസ് പുള്ളര്‍ തട്ടിപ്പുമായുള്ള ബന്ധവും തള്ളിക്കളഞ്ഞിട്ടില്ല. കൊല്ലപ്പെട്ട കൃഷ്ണന് സംസ്ഥാനത്തിനു പുറത്തും ബന്ധങ്ങളുണ്ടായിരുന്നെന്നും കണ്ടെത്തി.

നിധി, െറെസ്പുള്ളര്‍ ഇടപാടുകളുമായി തമിഴ്‌നാട്ടിലേക്കും നീളുന്ന വന്റാക്കറ്റിലെ കണ്ണിയായിരുന്നു കൃഷ്ണന്‍. മന്ത്രവാദത്തിന്റെ മറവില്‍ നടക്കുന്ന കോടികളുടെ സാമ്പത്തിക ഇടപാടിലെ കണ്ണിയായിരുന്നു കൃഷ്ണനെന്നാണു സൂചന. തട്ടിപ്പിന്റെ കേന്ദ്രം സംസ്ഥാനത്തിനു പുറത്താണ്. െറെസ്പുള്ളര്‍ തട്ടിപ്പും വ്യാപകമായിരുന്നു. ആണ്ടിപ്പട്ടിയില്‍ െറെസ്പുള്ളര്‍ തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവിടെ കേന്ദ്രീകരിച്ചത്.

തമിഴ്‌നാട്ടില്‍ സ്ഥലം വാങ്ങിക്കൂട്ടി നിധി കണ്ടെത്താന്‍ വന്‍സംഘം ശ്രമിച്ചതായും ചില സൂചനകളുണ്ട്. ഇക്കാര്യത്തില്‍ പൂജകളും മന്ത്രവാദവും ഒക്കെ ചെയ്ത സംഘത്തില്‍ കൃഷ്ണനും ഉണ്ടായിരുന്നോ എന്നു പരിശോധിക്കുന്നു. ഭൂമി പൂജയുമായി ബന്ധപ്പെട്ട് കൃഷ്ണന്‍ തമിഴ്‌നാട്ടില്‍ പോയിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. നിധി തേടിയവരില്‍ നിന്നു പണം വാങ്ങി കൃഷ്ണനു നല്‍കിയ കനകനും കൃത്യത്തില്‍ നേരിട്ടു ബന്ധമുള്ളതായി പോലീസ് കരുതുന്നു.

കൊലയാളി സംഘവുമായി കനകന്‍ കമ്പകക്കാനത്ത് എത്തിയിരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശിയായ മുസ്ലിം ലീഗ് പ്രാദേശിക നേതാവിന് കൃഷ്ണന്റെ ഇടപാടുകളില്‍ ബന്ധമുണ്ടെന്നാണ് സൂചന. ഭൂമിയിടപാടില്‍ തമിഴ്‌നാട് സ്വദേശിക്കു നല്‍കിയ പണത്തില്‍ കള്ളനോട്ട് കലര്‍ത്തിയതായി സംശയമുണ്ട്.

പ്രാദേശിക നേതാവിനെ മുമ്പ് കള്ളനോട്ടുമായി ബന്ധപ്പെട്ട് പോലീസില്‍ കേസുണ്ടായിരുന്നു. അതിനാല്‍ ഈ പശ്ചാത്തലവും അന്വേഷിക്കുന്നു. അടുത്തിടെവരെ കൃഷ്ണനെ നിരന്തരം സന്ദര്‍ശിച്ചിരുന്ന താടിക്കാരനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അനുജനുമായി കൃഷ്ണന് 35 ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നെന്നു പറയപ്പെടുന്നു. കൃത്യവുമായി ബന്ധമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു നേരത്തേ കസ്റ്റഡിയിലെടുത്ത നാലു പേരെ വിട്ടയച്ചിരുന്നു. തിരുവനന്തപുരത്തുനിന്നു കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും നെടുങ്കണ്ടം സ്വദേശിയെയുമാണു വിട്ടയച്ചത്.