തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ, പെണ്‍കുട്ടിയാണെങ്കില്‍, എങ്ങനെയെങ്കിലും, വല്ലവന്റേയും കൂടെ ഇറക്കി വിടാനുള്ള പരിശ്രമമാണ്, മാല പാര്‍വതി പറയുന്നു

ഉത്രയെ സ്വത്തിനായി ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ നടി മാല പാര്‍വതിയും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ മാനസികമോ, ശാരീരികമോ ആയ പോരായ്മകളോടെയോ. ആസ്വാസ്ഥ്യങ്ങളോടെയോ ജനിക്കുന്ന കുട്ടികള്‍ക്ക് ഉത്രയുടെ ആത്മാവ് കവചം തീര്‍ക്കട്ടെ. നിറഞ്ഞ ചിരിയോടെ, പ്രതീക്ഷയോടെ കല്യാണ പന്തലില്‍ നിന്ന ഉത്രയ്ക്കനുഭവിക്കേണ്ടി വന്നത്, മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കാന്‍ വേണ്ട നിയമങ്ങളെങ്കിലും ഈ നാട്ടില്‍ ഉണ്ടാകേണ്ടതുണ്ട്. നിയമങ്ങള്‍ക്ക് പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കണം.- മാല പാര്‍വതി പറഞ്ഞു.

മാല പാര്‍വതിയുടെ വാക്കുകളിങ്ങനെ;

വീട്ടില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍, ആധിയും കൂടെ പിറക്കും. ആണായാലും, പെണ്ണായാലും. ഒരു നിലയിലെത്തി കാണുന്നത് വരെ ഒരു സമാധാനവുമുണ്ടാവില്ല. നഴ്‌സറിയില്‍ പഠിക്കുമ്പോള്‍ പോലും, പഠിത്തത്തില്‍ താല്പര്യം കാണിക്കുന്നില്ല എന്ന് പറഞ്ഞ് മനശ്ശാസ്തജ്ഞരെ കാണുന്നവരുണ്ട്. ടീനേജിലെ, സ്വാഭാവികമായി വരുന്ന പെരുമാറ്റ ദൂഷ്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കി മെരുക്കാന്‍ ശ്രമിക്കുന്നവരും വിരളമല്ല. ജയിക്കണം, പോര..ഒന്നാമതാവണം.

ഡോക്ടറോ എന്‍ജിനീയറോ ആയി വലിയ ശമ്പളത്തില്‍ വിദേശത്ത് പോകണം. നല്ല കല്യാണം നടക്കണം, സെറ്റില്‍ ചെയ്യണം. കാലത്ത് പോയാല്‍ വൈകിട്ട് വീട്ടിലെത്താന്‍ കഴിയുന്ന, നല്ല ശമ്ബളമുള്ളവളാകണം മരുമകള്‍. അവള്‍,നല്ല വീട്ടിലെ, അടക്കവും ഒതുക്കവുമുള്ള, ഭര്‍ത്താവിനെ അനുസരിച്ച്, കീഴ്‌പ്പെട്ട് കഴിയുന്നവളും ആകണം. അവിടെയും തീരുന്നില്ല പേരക്കുട്ടിയുടെ വിദ്യാഭ്യാസം വരെ ആധിക്ക് കാരണങ്ങളാണ്. ഇതൊക്കെ നാട്ടുനടപ്പായി മാറി കഴിഞ്ഞ നാടാണ് കേരളം. അങ്ങനെ ഉള്ള ഒരിടത്തേക്കാണ് ഒരല്പം വ്യത്യസ്തനായ ഒരു കുഞ്ഞ് ജനിക്കുന്നത് എന്ന് സങ്കല്പിക്കുക. കാഴ്ചയ്ക്ക് പ്രശ്‌നമൊന്നുമില്ലെങ്കില്‍ പിന്നെ പ്രശ്‌നങ്ങള്‍ ഒക്കെ മറച്ച് വച്ച് സാധാരണ കുട്ടിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങുകയായി. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ. പെണ്‍കുട്ടിയാണെങ്കില്‍, എങ്ങനെയെങ്കിലും, വല്ലവന്റേയും കൂടെ ഇറക്കി വിടാനുള്ള പരിശ്രമമാണ്.

പഠിക്കാനൊക്കെ പുറകിലോട്ടാണെങ്കില്‍ 18 വയസ്സിലെ കെട്ടിക്കും. ആദ്യരാത്രി എന്ന പേരില്‍ നടക്കാനിരിക്കുന്ന കടന്നാക്രമണങ്ങളെ കുറിച്ച് പോലും ധാരണയില്ലാതെ, പെണ്‍കുട്ടിക്ക് മാനസിക നില വരെ തെറ്റി പോകാറുണ്ട് ;ഉമ്മവയ്ക്കുന്നത് പോലും പാപമാണ് എന്ന് അത്രയും നാള്‍ കേട്ട് വളര്‍ന്ന, സ്‌ക്കൂളില്‍ പോലും അധികം പോയിട്ടില്ലാത്ത, വീട്ടുകാരുടെ സംരക്ഷണയില്‍ കഴിഞ്ഞ പെണ്‍കുട്ടികള്‍ ഭയന്ന് പോകുമ്‌ബോള്‍, ഉറക്കെ കരയുമ്‌ബോള്‍, അവരെ ഒന്ന് ചേര്‍ത്ത് പിടിക്കാതെ വീട്ടുകാര്‍, ശാസിച്ച് ഭര്‍ത്താവിന്റെടുത്തയയ്ക്കും. പിന്നീട്, ചിരിക്കാനും കരയാനും മറന്ന് പോകുന്നവരാകും ഇവര്‍.മരിച്ച മനസ്സുള്ളവര്‍. അനുസരിക്കാന്‍ മാത്രം അറിയാവുന്നവര്‍.

സ്വപ്നങ്ങള്‍ തകര്‍ന്ന അവസ്ഥയില്‍, ഗര്‍ഭവും ധരിക്കും. ഗര്‍ഭകാലത്ത് തോനുന്ന മാനസിക പ്രശ്‌നങ്ങളും, ശാരീരിക ആസ്വാസ്ഥ്യങ്ങളും പുറത്ത് കാട്ടാതെ, അവള്‍ എല്ലാവരുടെയും അടിവസ്ത്രം വരെ നനച്ച് കൊടുക്കും. ഇങ്ങനെയെങ്കിലും നിലനിര്‍ത്താന്‍ പെണ്ണിന്റെ അച്ഛന്‍ പണം നല്‍കി കെണ്ടേയിരിക്കും. വീട്ടില്‍ കൊണ്ടാക്കുമെന്ന ഭീഷണിയെ ചെറുക്കാനാണത്. അല്ലാതെ അവള്‍ അനുഭവിക്കുന്ന ആട്ടും തുപ്പും നിര്‍ത്താനല്ല. നാട്ടുകാരറിയാത്തിടത്തോളം ആട്ടും കുത്തും സാരമില്ലാത്തവയാണ്. കുഞ്ഞായാല്‍ പിന്നെ, എല്ലാ വഴികളും അടയും.മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാന്‍ നിര്‍ബഡിച്ചാലും, സഹിക്കാന്‍ പറയുന്ന അച്ഛനമ്മമാരോട് എന്താണ് പറയേണ്ടതെന്നറിയില്ല. ഒരു പക്ഷേ സര്‍ക്കാരിനാകും എന്തെങ്കിലും ചെയ്യാനാകുക. വീടുകളാണ് സുരക്ഷിതമായ ഇടങ്ങള്‍ എന്ന ധാരണ മാറ്റണം. നിയമപാലകര്‍ക്കും”കുടുംബം”, എന്ന ഇന്‍സ്റ്റിറ്റിയൂഷനില്‍ നടക്കാവുന്ന അപകടങ്ങളെ കുറിച്ച് ധാരണയുണ്ടാക്കി കൊടുക്കണം. സോഷ്യല്‍ സെക്യൂരിറ്റി ഹോംസും, റിഹാബിലിറ്റേഷന്‍ സെന്ററുകളും ഉണ്ടാവണം.

ഭയപ്പെടാതെ തല ഉയര്‍ത്തി, ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഇടങ്ങള്‍ ഉണ്ടാവണം. ആര്‍ക്കും വേണ്ടാത്തവര്‍ എന്ന് സ്വയം ശപിച്ച് ഈ നാട്ടില്‍ ആരും ജീവിക്കാതിരിക്കട്ടെ. ഭര്‍ത്തൃഗൃഹങ്ങള്‍, പാമ്ബിന്റെ മാളങ്ങളും, തീപ്പുരകളും ആകാതിരിക്കട്ടെ. പണം കൊടുത്ത് , സ്‌നേഹിക്കാനാളെ വാങ്ങാം എന്ന ധാരണ ഒഴിത്ത് പോകട്ടെ. നിര്‍ഭയയുടെ, മൃഗീയ ബലാല്‍സംഗവും കൊലപാതകവും കാരണമാണ് വര്‍മ്മ കമ്മീഷന്‍ ഉണ്ടായത്. നമ്മുടെ നാട്ടില്‍ മാനസികമോ, ശാരീരികമോ ആയ പോരായ്മകളോടെയോ. ആസ്വാസ്ഥ്യങ്ങളോടെയോ ജനിക്കുന്ന കുട്ടികള്‍ക്ക് ഉത്രയുടെ ആത്മാവ് കവചം തീര്‍ക്കട്ടെ. നിറഞ്ഞ ചിരിയോടെ, പ്രതീക്ഷയോടെ കല്യാണ പന്തലില്‍ നിന്ന ഉത്രയ്ക്കനുഭവിക്കേണ്ടി വന്നത്, മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കാന്‍ വേണ്ട നിയമങ്ങളെങ്കിലും ഈ നാട്ടില്‍ ഉണ്ടാകേണ്ടതുണ്ട്. നിയമങ്ങള്‍ക്ക് പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കണം.