മരണശേഷം കോവിഡ് പരിശോധന ഫലം പോസിറ്റീവ്, അച്ഛന്റെ മൃതദേഹം അവസാനമായി കാണാനാവാതെ മക്കള്‍

കായംകുളം: കോവിഡും ലോക്ക് ഡൗണും ഒക്കെ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് പ്രവാസികളെയാണ്. മരണപ്പെട്ടാല്‍ പോലും ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഒരു നോക്ക് കാണാനോ അന്ത്യ ചുംബനം നല്‍കാനോ സാധിക്കാത്ത അവസ്ഥ. പത്തിയൂര്‍ക്കാല വളയ്ക്കകത്ത് പുഷ്പകയില്‍ അരവിന്ദാക്ഷന്‍പിള്ള കഴിഞ്ഞ ദിവസമാണ് അബുദാബിയിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്. 58 വയസായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള കാര്യങ്ങള്‍ നീങ്ങവെയാണ് അരവിന്ദാക്ഷന്‍ കോവിഡ് 19 പോസിറ്റീവ് എന്ന പരിശോധന റിപ്പോര്‍ട്ട് ലഭിച്ചത്. മരണ ശേഷമാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതോടെ മൃതദേഹം ഇനി നാട്ടിലേക്ക് കൊണ്ടുവരില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ വീട്ടില്‍ സങ്കടം അണപൊട്ടി. മൃതദേഹം ഞായറാഴ്ച അബുദാബിയില്‍ തന്നെ സംസ്‌കരിക്കും എന്നാണ് വിവരം.

അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ മില്ലിംഗ് ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു അരവിന്ദാക്ഷ്ന്‍ പിള്ള. ഹൃദയ സ്തംഭനമാണ് മരണകാരണം എന്നാണ് വിവരം. മരണത്തെ തുടര്‍ന്ന് പിന്നീട് കോവിഡ് പരിശേധന നടത്തുകയും ഇത് പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുകയും ആയിരുന്നു. അബുദാബി പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകനായ ഗണേശ്കുമാര്‍ മുന്‍കൈ എടുത്തു ബുധന്‍ പുലര്‍ച്ചെയുള്ള വിമാനത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ വീട്ടുകാരും പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് കോവിഡ് ഫലം ലഭിക്കുന്നത്.

മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. ഇതോടെ മൃതദേഹം നാട്ടില്‍ എത്തിക്കാനാകാതെയായി. 35 വര്‍ഷത്തോളം അബുദാബിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അരവിന്ദാക്ഷന്‍പിള്ള. മകളുടെ വിവാഹത്തിന് ഏഴ് മാസം മുമ്പാണു നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: ശ്രീലത. മക്കള്‍: ആര്‍ദ്ര, അരവിന്ദ്. മരുമകന്‍: വൈശാഖ്.