സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കുടുക്കി; നാല് ലക്ഷവും സ്വർണവും കൈക്കലാക്കി , പ്രതി പിടിയിൽ

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് വശത്താക്കി ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി പിടിയിൽ. കണ്ണൂർ നീർച്ചാൽ ജുമാ മസ്ജിദിന് സമീപം മുസ്തഫ മൻസിലിൽ മുഹമ്മദ് അജ്മലാണ് (25) പനങ്ങാട് പൊലീസിന്റെ പിടിയിലായത്. ഇയാൾ പെൺകുട്ടിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപയും സ്വർണവും കൈക്കലാക്കിയിരുന്നു.

സംശയം തോന്നിയ പിതാവ് മകളെ ചോദ്യംചെയ്തതോടെയാണ് വിവരങ്ങൾ പുറത്തായത്. ഇൻസ്റ്റാഗ്രാം വഴി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പരിചയപ്പെട്ട അജ്മൽ വിവാഹ വാഗ്ദാനം നൽകി. പിന്നീട് വിവാഹത്തിൽ നിന്ന് പിൻമാറുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കൈക്കലാക്കി.

പെൺകുട്ടിയുടെ പരാതിയിൽ പനങ്ങാട് എസ്.ഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജ്മലിനെ കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മത്സ്യവ്യാപാരിയായ പിതാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് പെൺകുട്ടി കാമുകന് നൽകിയത്.