10 കൊല്ലമായി കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് അതുലിന്റെ നിശ്ചല ശരീരം, തേടി വന്നത് മരണ വിസ

ഗൾഫിൽ മാത്രമല്ല പ്രവാസികളുടെ ഹൃദയം നുറുങ്ങുന്ന നൊമ്പര വാർത്തകൾ. 10 വർഷമായി നാട്ടിൽ പോക്കാനും മാതാപിതാക്കളേ ഒരു നോക്ക് കാണാനും പോലും സാധിക്കാതെ ഒടുവിൽ കൂട്ടുകാരനേ പോലെ മരണം വന്ന് കൊണ്ടുപോയ കോഴിക്കോട് സ്വദേശി അതുൽ എന്ന യുവാവിന്റെ നൊമ്പരപ്പെടുത്തുന്ന കാര്യമാണ് ഓസ്ട്രേലിയയിൽ നിന്നും‌. സ്റ്റുഡന്റ് വിസക്ക് ഓസ്ട്രേലിയ മെൽബണിൽ വന്ന ശേഷം അതുൽ അനുഭവിച്ച കഷ്ടപ്പാടുകൾ നീണ്ടത് 10 വർഷമാണ്‌.22നു ഞായറാഴ്ച്ച ആയിരുന്നു താമസ സ്ഥലത്ത് അവശ നിലയിൽ അതുലിനേ കാണുന്നതും ആമ്പുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതും തുടർന്ന് മരിക്കുന്നതും.കോഴിക്കോട് മാതൃഭൂമി ഓഫീസിലെ മുൻ ജീവനക്കാരനായ പുഷ്പരാജിന്റെയും വീട്ടമ്മയായ മിനിയുടെയും മകനാണ് അതുൽ.

നാട്ടിലേ വസന്തകാലങ്ങൾ, 10 വർഷം മുമ്പ് അതുൽ ഓസ്ട്രേലിയക്ക് വരും മുമ്പ് മാതാപിതാക്കളൊപ്പം നാട്ടിൽ നിന്നും എടുത്ത ചിത്രം


പിതാവിനു സ്ട്രോക്ക്ക്ക് ഉണ്ടായിട്ടും അതുലിനു നാട്ടിൽ പോകാൻ ആയില്ല. കാരണം ഒരുപാട് പണവും, പ്രതീക്ഷയും തന്ന് ഓസ്ട്രേലിയക്ക് വിട്ട് പ്രതീക്ഷയോടെ ഇരിക്കുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് ജീവിതം കരു പിടിപ്പിക്കാതെയും, ഓസ്ട്രേലിയയിൽ ജോലിയും മറ്റും ഇല്ലാതെയും ചെല്ലുവാൻ ഈ യുവാവിന്റെ മനസ് അനുവദിച്ചിരുന്നില്ല.അതുലിന്റെ വേർപാടിന്റെ നൊമ്പരങ്ങൾ വിവരിക്കുന്ന മെല്ബണിലെ മലയാളികൂടിയായ ലക്ഷ്മി നായർ വിനുവിന്റെ കുറിപ്പിലേക്ക്

ആരാണീ അതുൽ : Lakshmi Nair Vinu

കോഴിക്കോട് മാതൃഭൂമി ഓഫീസിലെ മുൻ ജീവനക്കാരനായ പുഷ്പരാജിന്റെയും വീട്ടമ്മയായ മിനിയുടെയും മകനാണ് വളരെ സൗമ്യനും, പഠനത്തിൽ മിടുക്കനായിരുന്ന അതുൽ എന്ന മേലേടത്ത് അതുൽ രാജ്.
അച്ഛൻ മാതൃഭൂമിയിൽ ആയിരുന്നത് കൊണ്ടാവണം സാഹിത്യത്തെ കുറിച്ചും ലോകകാര്യങ്ങളെ കുറിച്ചും ഗഹനമായ അതുലിന്റെ അറിവ് എന്നെ വളരെ അദ്‌ഭുതപ്പെടുത്തിയിരുന്നു .
വളരെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും ജീവിതത്തിനുമായി കോഴിക്കോട് കുതിരവട്ടം ദേവാർച്ചനയിൽ നിന്നും ഓസ്ട്രേലിയയിലേക്കു കുറച്ചു വര്ഷങ്ങള്ക്കു മുൻപേ എത്തിയതാണ് ആ കുട്ടി. അച്ചു, അനു, പ്രിൻസ്, ഹാഫിദ്,ടോം, അങ്ങനെ കേരളത്തിൽ നിന്നും മെൽബണിലെത്തിയ കുറച്ചു കുട്ടികൾക്കൊപ്പം ആയിരുന്നു അതുൽ ജീവിച്ചു വന്നിരുന്നത്.ഞങ്ങൾ കുടുംബങ്ങൾ ആ കുട്ടികളുമായി വളരെ അടുത്തു ഇടപെട്ടിരുന്നു. കഷ്ടപ്പാടും ദുഖങ്ങളും നിറഞ്ഞ പ്രവാസ ജീവിതത്തിനിടയിൽ ഈ കുട്ടികളോടൊപ്പമുള്ള യാത്രകൾ,ആഘോഷങ്ങൾ, കുട്ടിത്തങ്ങൾ, തമാശകൾ എല്ലാം വലിയൊരു സന്തോഷം തന്നെ ആയിരുന്നു.
കോഴിക്കോട്ടെ ഒരു ഇടത്തരം കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന അതുൽ പഠനത്തിൽ സമർത്ഥനായിരുന്നു . നിർഭാഗ്യവശാൽ അതുൽ പഠിച്ച കോഴ്സ് Australian PR category യിൽ നിന്നും ഒഴിവാവാക്കപ്പെട്ടു പോയി, പ്രതീക്ഷ കൈവിടാതെ അതുൽ പിന്നീട് പല കോഴ്‌സുകളും PR മാനദണ്ഡമുള്ള തൊഴിലുകളും ചെയ്യുകയുണ്ടായി. ഒപ്പമുണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളും അവരുടെ ജീവിതവും ജീവിതമാർഗ്ഗളും തേടി ആസ്ട്രേലിയയിലെ പല ദേശത്തേക്കു കുടിയേറിയപ്പോൾ അതുൽ ഏകനായി.
ജീവിതത്തിന്റെ വിധിയും ദിശയും തന്റെയും മാതാപിതാക്കളുടെയും സ്വപ്നങ്ങൾക്ക് എതിരായി നീങ്ങിയപ്പോൾ മുതൽ അതുൽ വേദനിച്ചു തുടങ്ങി. എങ്കിലും തന്നെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമായി കഴിയുന്ന മാതാപിതാക്കളുടെ മുഖമോർത്ത്‌ നാട്ടിലേക്ക് തിരികെ പോകാൻ അവൻ എന്നും ഭയപ്പെട്ടിരുന്നു.
പിന്നീട് ഭക്ഷണം കഴിക്കാതെ, പുറത്തു പോകാതെ അവൻ വീട്ടിൽ തന്നെ കഴിഞ്ഞു കൂടി. തുടക്കത്തിൽ കൂടെ താമസിച്ചിരുന്ന പ്രിൻസ് Queensland നിന്നും PR നേടി തിരിച്ചു മെൽബണിൽ വന്നപ്പോൾ മുതലാണ് അതുലിനെ ഞാൻ ചിരിച്ചു കണ്ടത്.
ഉറ്റ സുഹൃത്തായ പ്രിൻസ് തന്റെയൊപ്പം തന്നെ അവനെയും ജോലിക്കു കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങിയതോടെ അതുലിന്റെ ജീവിതത്തിൽ പതിയെ ശുഭാപ്തിവിശ്വാസം കണ്ടു തുടങ്ങി. പക്ഷെ അച്ഛൻ പുഷ്പരാജിന് അടുത്തിടെ സംഭവിച്ച stroke അവനെ വല്ലാതെ തളർത്തിയിരുന്നു.
22 /03 /2021 തിങ്കളാഴ്ച പതിവുപോലെ രാവിലെ ജോലിക്കു പോകുവാൻ വിളിച്ച പ്രിൻസിനോട് “രാവിലെ ഒരു സുഖം തോന്നുന്നില്ല, നീ പൊയ്ക്കോളൂ ഞാനിന്നു ജോലിക്കു വരുന്നില്ല ‘ എന്ന് പറഞ്ഞിരുന്നു.ജോലികഴിഞ്ഞു വൈകിട്ട് തിരികെയെത്തിയ പ്രിൻസ് അതുലിന്റെ ക്ഷേമം അന്വേഷിച്ചു വിളിക്കുമ്പോൾ സുഹൃത്താണ് ഫോൺ എടുക്കുന്നത്. അതുലിനെ വീട്ടിൽ സുഖമില്ലാതെ കാണപ്പെട്ടതിനെ തുടർന്ന് അവർ ആംബുലൻസ് വിളിക്കുകയായിരുന്നു. ഡോക്ടർമാർ എത്തിയപ്പോഴേക്കും അവൻ മരണപ്പെട്ടിരുന്നു. കാർഡിയാക് അറസ്റ്റ് എന്ന് ഡോക്ടർമാർ രേഖപ്പെടുത്തി.
Post-mortem പൂർത്തിയായി എന്ന അറിയിപ്പ് ഇന്ന് കാലത്ത് കിട്ടിയിരിക്കുന്നു. അതിനാൽ തുടർ നടപടികൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അടുത്തയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം ഏർപ്പെടുത്തുകയാണ് നമ്മൾ സുഹൃത്തുക്കൾ.കോഴിക്കോട്ടുള്ള അതുലിന്റെ കുടുംബം ആകെ തകർന്നിരിക്കുകയാണ്. അതുലിന്റെ അന്ത്യ കർമ്മങ്ങൾക്ക് വേണ്ടി മൃതദേഹം നാട്ടിലെത്തിക്കാൻ അത്യദ്ധ്വാനം ചെയ്യുകയാണ് മെൽബണിലെ മലയാളി സമൂഹം ഒന്നടങ്കം. അതുലിന്റെ കുടുംബത്തെ സഹായിച്ച, സഹായിക്കുന്ന ഓരോരുത്തരോടും ഞങ്ങളുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ- ലക്ഷ്മി നായർ വിനു

എല്ലവരും സ്വർഗ്ഗം എന്നും വികസിത രാജ്യങ്ങൾ എന്നൊമൊക്കെ പറയുന്ന പാശ്ചാത്യ രാജ്യങ്ങളിലും, ഓസ്ട്രേലിയയിലും കാനഡയിലും ഒക്കെ പി.ആർ വിസ പോലും കിട്ടാതെ വിഷമിക്കുന്ന പതിനായിര കണക്കിനു മലയാളികളുടെ വിഷമതകൾ ചൂണ്ടിക്കാട്ടുകയാണ്‌ അതുൽ എന്ന യുവാവിന്റെ മരണവും ജീവിതാനുഭവവും. സ്റ്റുഡന്റ് വിസക്ക് വരുന്നത് തന്നെ 20 മുതൽ 50 ലക്ഷം വരെ ചിലവിട്ടാണ്‌. അതിനു ശേഷം ഒരു ജോലിയും, പി.ആർ വിസയും കിട്ടിയില്ലെങ്കിൽ ഭാരിച്ച കടവുമായി എങ്ങിനെ നാട്ടിലെത്തും എന്നു പല ആളുകളും ചിന്തിക്കുന്നു. വീണ്ടും മറ്റ് കോഴ്സുകൾക്ക് ചേർന്നും ബ്രിഡ്ജിങ്ങ് വിസയിലും ഒക്കെയായി ഇവർ ഓസ്ട്രേലിയയിൽ കഴിച്ചു കൂട്ടുന്നു.

ഈ കാലയളവിൽ ഓസ്ട്രേലിയ വിട്ടു പോയാൽ തിരികെ പ്രവേശിക്കാനും ആവില്ലാത്ത സാങ്കേതിക തടസങ്ങൾ വേറെയും. കുരുക്കിൽ നിന്നും കുരുക്കിലേക്ക് ഒരു ജോലിക്ക് വേണ്ടി അലയുമ്പോൾ പതിറ്റാണ്ടുകൾ ഇവരേ കാണാൻ നാട്ടിൽ മാതാപിതാക്കളും ബന്ധുക്കളും കാത്തിരിക്കുന്നു.സ്നേഹമില്ലാഞ്ഞിട്ടല്ല. വെറും കയ്യും പരാജിതരും അര കോടി വരെ കടവും ആയി എങ്ങിനെ നാട്ടിൽ കാലു കുത്തും. മകൻ …മകൾ ഓസ്ട്രേലിയയിൽ എന്നു പറഞ്ഞ് അഭിമാനിച്ച മാതാപിതാക്കൾ എങ്ങിനെ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിൽ ചെന്നാൽ ഉൾകൊള്ളും? നാട്ടുകാരോട് എന്ത് പറയും? ഇതെല്ലാം മറുനാട്ടിൽ പഠിക്കാൻ പോകുന്ന കുറച്ച് സ്റ്റുഡന്റ് എങ്കിലും അനുഭവിക്കുന്ന സത്യങ്ങളാണ്‌