കെ എസ് യു പ്രവര്‍ത്തകരെ അന്യായമായി തടവിലിട്ടു എന്നാരോപിച്ച് വിദ്യാര്‍ഥികളെ ലോക്കപ്പിന് പുറത്തിറക്കി റോജി എം ജോണ്‍ എംഎല്‍എ

കൊച്ചി. കെ എസ് യു പ്രവര്‍ത്തകരെ അന്യായമായി പോലീസ് പിടിച്ച് ലോക്കപ്പില്‍ ഇട്ടെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ ലോക്കപ്പില്‍ നിന്നും ഇറക്കി റോജി എം ജോണ്‍ എംഎല്‍എ. കാലടി ശ്രീശങ്കരാ കോളേജിലെ കെ എസ് യു പ്രവര്‍ത്തകരെയാണ് പോലീസ് പിടിച്ചത്. സംഭവത്തിന് പിന്നാലെ പോലീസ്‌റ്റേഷനില്‍ ബെന്നി ബഹ്നാന്‍ എംപി, റോജി എം ജോണ്‍ എംഎല്‍എ, സനീഷ് ജോസഫ് എന്നിവര്‍ എത്തി പ്രതിഷേധിച്ചു. കോളേജിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി അഞ്ച് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ മറ്റ് മൂന്ന് പേരെ കൂടി പോലീസ് ശനിയാഴ്ച കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ അന്യായമായി തടങ്കലില്‍ വെച്ചുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്.