‘മോദി രാജ്യത്തെ ഏറ്റവും വലിയ നേതാവ്’: പ്രശംസയുമായി ശിവസേനാ നേതാവ് റാവത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ചു ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി മോദി രാജ്യത്തെ ഏറ്റവും പ്രമുഖ നേതാവാണെന്നും ബിജെപിയുടെ വിജയത്തിന് പിന്നിൽ അദ്ദേഹമാണെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണിത്. വടക്കൻ മഹാരാഷ്ട്രയിൽ പര്യടനം നടത്തുന്നതിനിടെയാണ് റാവത്ത് ഇപ്രകാരം പറഞ്ഞത്.

കഴിഞ്ഞ ഏഴു വർഷമായി നേടുന്ന വിജയങ്ങൾക്കെല്ലാം ബിജെപി മോദിയോട് കടപ്പെട്ടിരിക്കുന്നു. നിലവിൽ രാജ്യത്തിന്റെയും ബിജെപിയുടെയും ഏറ്റവും വലിയ നേതാവാണ് അദ്ദേഹമെന്നും റാവത്ത് പറഞ്ഞു.

ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായിനടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു പ്രതികരിക്കാൻ റാവത്ത് തയ്യാറായില്ല. മാധ്യമ റിപ്പോർട്ടുകളെക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളിൽ ഔദ്യോഗിക പ്രസ്താവനകൾ വരും. ബിജെപിയും ശിവസേനയും തമ്മിൽ വീണ്ടും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിനു അദ്ദേഹം മറുപടി നൽകി. കടുവയുമായി (ശിവസേനയുടെ ചിഹ്നം) ആർക്കും ചങ്ങാത്തം കൂടാൻ കഴിയില്ല. ആരുമായി ചങ്ങാത്തം കൂടണമെന്ന് കടുവ തീരുമാനിക്കും – റാവത്ത് പറഞ്ഞു.