നഗ്നത പ്രദർശനം നടത്തിയ സംഭവം ചോദ്യം ചെയ്യുന്ന വിഡിയോ മലയാളികൾ ശരിയായ അർഥത്തിൽ ഉൾക്കൊണ്ടെന്ന് നന്ദിത ശങ്കര

തൃശൂര്‍. യാത്രക്കാരന്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ അതിക്രമം നടത്തിയത് ചോദ്യം ചെയ്യുന്ന വിഡിയോ മലയാളി സമൂഹം ശരിയായ അര്‍ഥത്തില്‍ തന്നെ ഉള്‍ക്കൊണ്ടതില്‍ സന്തോഷമുണ്ടെന്ന് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നന്ദിത ശങ്കര. തന്റെ പേര് പുറത്തുവന്നതിനെ ഭയക്കുന്നില്ല.

പെണ്‍കുട്ടികള്‍ മറഞ്ഞിരിക്കേണ്ട കാര്യമുണ്ടെന്നു കരുതുന്നില്ലെന്നും നന്ദിത പറഞ്ഞു. അഭിനേത്രിയായ നന്ദിത തൃശുരില്‍ നിന്നും ബസില്‍ കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പ്രതികരിച്ചപ്പോള്‍ എഴുന്നേറ്റ യുവാവ് ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടിയെങ്കിലും ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടിക്കുകയായിരുന്നു. മോശമായി പെരുമാറിയെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് യുവാവിനെ ചോദ്യം ചെയ്യുന്ന വിഡിയോ പകര്‍ത്തിയതെന്ന് നന്ദിത പറഞ്ഞു.

സാധാരണ ഇത്തരം വിഡിയോകള്‍ക്ക് താഴെ സ്ത്രീകളെ ചോദ്യം ചയ്യുന്ന രീതിയിലുള്ള കമന്റുകളാണ് എത്താറ് എന്നാല്‍ ഇതില്‍ മാറ്റം വന്നതില്‍ സന്തോഷമുണ്ടെന്നും നന്ദിത പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ സവാദാണ് കേസിലെ പ്രതി. ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ ഉണ്ടെന്നാണ് വിവരം.