പണം മോഹിച്ചല്ല ഞാന്‍ ആവളെ ഇഷ്ടപ്പെട്ടത്, വിദേശത്തുള്ള ജോലി പോയാലും വേണ്ടില്ല, ദിവ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ, പ്രതിശ്രുത വരന്‍

തൃശ്ശൂര്‍: വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മപടങ്ങുമോ എന്ന ചിന്തയില്‍ ജീവിതം അവസാനിപ്പിച്ച് വിപിന്‍ നാടിനാകെ കണ്ണീരായിരിക്കുകയാണ്. എന്നാല്‍ ആ കുടുംബത്തിന് ഇപ്പോള്‍ താങ്ങാവുകയാണ് വിപിന്റെ സഹോദരി വിദ്യയുടെ പ്രിതിശ്രുത വരന്‍ നിധിന്‍. പണം മോഹിച്ചല്ല ഞാന്‍ ആവളെ ഇഷ്ടപ്പെട്ടത്. വിദേശത്തുള്ള ജോലി പോയാലും വേണ്ടില്ല, ദിവ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ എന്നാണ് നിധിന്‍ പറഞ്ഞത്.

നിധിനും വിപിന്റെ സഹോദരി വിദ്യയും രണ്ടര വര്‍ഷമായി പ്രണയത്തിലാണ്. ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ചതാണ് വിവാഹം. ഷാര്‍ജയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്തിരുന്ന നിധിന്‍ കോവിഡ് കാരണം നാട്ടിലേക്കുള്ള മടക്കം വൈകി. ഇതാണ് വിവാഹം വൈകാനും കാരണമായത്. രണ്ടാഴ്ച മുമ്പാണ് നിധിന്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച വിവാഹം നടത്താനായി തീരുമാനിച്ചു. സ്വത്തും പണവും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാങ്കില്‍നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടി എന്നും നിധിന്‍ പറയുന്നു.

തിങ്കളാഴ്ച ഫോട്ടോയെടുക്കാനായി വരാന്‍ നിധിനോട് വിപിന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു. അതിനുശേഷം വിദ്യയെ ജൂവലറിയില്‍ എത്തിക്കാന്‍ പറഞ്ഞു. ജൂവലറിയില്‍ എത്തിച്ച് കയ്പമംഗലത്തെ വീട്ടിലേക്കുപോയ നിധിനെ ദിവ്യയും അമ്മ ബേബിയും വിളിച്ചു. ബാങ്കില്‍നിന്ന് പണംവാങ്ങി വരാമെന്ന് പറഞ്ഞുപോയ വിപിന്‍ മടങ്ങി വന്നില്ലെന്നും ഫോണ്‍ എടുക്കുന്നില്ലെന്നുമാണ് അറിയിച്ചത്. വിപിന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. നേരെ തൃശ്ശൂര്‍ നഗരത്തിലെ കുണ്ടുവാറയിലെ വീട്ടിലെത്തിയപ്പോഴേക്കും ആത്മഹത്യ ചെയ്‌തെന്ന വിവരമാണ് കിട്ടിയത്.

ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹംകഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി- നിധിന്‍ പറഞ്ഞു.