അഭിനയവും സീരിയലുമെല്ലാം മക്കളെ വളർത്താനുള്ള ജീവനോപാധി- നിഷ സാരംഗ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവധി ചിത്രങ്ങളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് നിഷ. എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. എന്നാൽ നിഷ തന്റെ സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ നീങ്ങേണ്ടതായി വന്നിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമ-സീരിയൽ യാത്രയെക്കുറിച്ചും പരമ്പരയെക്കുറിച്ചുമൊക്കെ നിഷ സാരംഗ് മനസ് തുറക്കുകയാണ്. വാക്കുകളിങ്ങനെ, സിനിമയിൽ നിന്നാണെങ്കിലും സീരിയലിൽ നിന്നാണെങ്കിലും തനിക്ക് അങ്ങനെ പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ല, തുടക്കക്കാരെന്ന നിലയിൽ ചില കളിയാക്കലുകളൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. അതൊക്കെ കരിയറിന്റെ തുടക്കത്തിലായിരുന്നു

തനിക്ക് കൂടുതൽ അവസരങ്ങൾ നൽകിയത് സീരിയൽ ആണ്. സീരിയലിൽ അഭിനയിച്ച് തുടങ്ങിയതിന് ശേഷം ഒരു ബ്രേക്ക് ഉണ്ടായിട്ടില്ല . അവസരങ്ങൾ ലഭിക്കുന്നതിൽപ്പോലും വലിയ സ്ട്രഗിളൊന്നും നേരിട്ടിട്ടില്ല . അതേസമയം സീരിയൽ ചെയ്യുന്നതിനിടയിലും സിനിമയിൽ നിന്നും നല്ല വേഷങ്ങൾ ലഭിച്ചിരുന്നുവെന്നും അതൊക്കെ ചെയ്യാൻ സാധിച്ചത് എല്ലാവരും നന്നായി സഹകരിച്ചതിനാലാണ്, തനിക്ക് അഭിനയവും സീരിയലുമെല്ലാം തന്റെ മക്കളെ വളർത്താനുള്ള ജീവനോപാധി മാത്രമായിരുന്നു

അതിനാൽ കഥാപാത്രം ചെറുതോ വലുതോ എന്നു പോലും നോക്കാതെ സ്വീകരിക്കുകയായിരുന്നു. ഒരു വർക്ക് വന്നാൽ ഞാൻ ചിന്തിക്കുന്നത് ഒരാഴ്ച എനിക്കും മക്കൾക്കും ഉള്ള അന്നത്തിനു വകയാണല്ലോ അതെന്നാണ്. മക്കളെ ഒരു നിലയിൽ എത്തിക്കണമെന്നും പഠിപ്പിക്കണമെന്ന് ഒക്കെയുള്ള ആഗ്രഹമാണ് വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാ കഥാപാത്രങ്ങളിലേക്കും എത്തിച്ചത്

നല്ല കഥാപാത്രങ്ങൾ കിട്ടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും അത് ഡിമാൻഡ് ചെയ്യാനോ വരുന്ന അവസരങ്ങൾ വേണ്ടെന്നു വയ്ക്കാനോ തയ്യാറായില്ല. എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കും നല്ല അവസരങ്ങൾ കിട്ടണമെന്നും ഇപ്പോഴുള്ള പ്രയാസങ്ങൾ ഒക്കെ മാറണം എന്നൊക്കെ, അങ്ങനെയാണ് ഉപ്പും മുളകിലേക്ക് എത്തുന്നത്.

പരമ്പര തുടങ്ങുന്നതിനു മുൻപ് മൂകാംബികയിലേക്കും ഗുരുവായൂരുമായി പ്രാർത്ഥിച്ച് വ്രതം എടുത്തിരുന്നു. പരമ്പര അവസാനിച്ചതിനുശേഷം വീണ്ടും ഒരു വർഷം കൂടി ഈ വൃതം ഞാൻ തുടർന്നു . പരമ്പരയിൽ ഞാൻ ചെയ്യുന്ന കഥാപാത്രവുമായും എനിക്ക് എന്തൊക്കെയോ സാമ്യങ്ങളുണ്ട്. എന്റെ സംസാര ശൈലിയും പെരുമാറ്റവുമെല്ലാം നീലുവിനോട് അടുത്തു നിൽക്കുന്നതാണ്. ഷൂട്ട് തുടങ്ങുമ്പോഴും കട്ട് പറയുമ്പോഴും എല്ലാം ആ വീടും ഞങ്ങളും പ്രേക്ഷകർ കാണുന്നത് പോലെയാണ്