ഇപ്പോള്‍ അഫ്ഗാന്‍ ജയിലില്‍ , ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ?

ന്യൂ ഡല്‍ഹി: 2016 18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തി, ഒടുവില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ വെച്ച്‌ ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട് പിന്നാലെ ഐഎസില്‍ ചേര്‍ന്ന നാല് മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ഇന്ത്യ.

സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ ഇപ്പോള്‍ അഫ്ഗാന്‍ ജയിലിലാണ് കഴിയുന്നത്. അതേസമയം വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് കാബൂളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 4 ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാകിസ്താനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമാണ് തടവിലുള്ളതെന്നാണ് നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് അറിയിച്ചത്.

എന്നാല്‍ യുവതികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും സൂചനയുണ്ട്.