ദീപികാ പദുകോണിനും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും തൊഴിലുറപ്പ് കാര്‍ഡ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൂലിയും വാങ്ങി

രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് ദിവസ വേതനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ദിവസ വേതനം ലഭിക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട ജനത്തിന് സഹായകരമാകുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി വഴി വേതനം കൈപ്പറിയ രണ്ട് പേരാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ബോളിവുഡ് നടിമാരായ ദീപികാ പദുകോണിനും ജാക്വിലിൻ ഫെർണാണ്ടസിനും മധ്യപ്രദേശിൽ തൊഴിലുറപ്പ് കാർഡ്.

ജൂൺ, ജൂലൈ മാസങ്ങളിൽ ഇവർ കൂലിയും വാങ്ങിയതായി പറയുന്നു. ദേശീയ മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണ് മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇരുവരുടെയും ഫോട്ടോ പതിച്ച തൊഴിലുറപ്പ് കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിർണിയ പഞ്ചായത്തിലെ 11 പേരുടെ പട്ടികയിലാണ് ഇവരും ഇടം പിടിച്ചത്. പട്ടികയിൽ പുരുഷന്മാരുമുണ്ട്. മനോജ് ശിവശങ്കർ എന്നയാളുടെ കാർഡിലാണ് ദീപികയുടെ ചിത്രമുള്ളത്. താൻ ഇതുവരെ തൊഴിലുറപ്പ് ജോലിക്ക് പോയിട്ടില്ലെന്നും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ തൊഴിൽ കാർഡിലാണ് ഇവരുടെ ചിത്രങ്ങൾ ഉള്ളത്. സംഭവത്തെ തുടർന്ന് അന്വേഷണം നടത്താൻ കലക്ടർ അനുഗ്രഹ നിർദേശം നൽകി. ഇവരുടെ ഫോട്ടോ ഉൾപ്പെട്ട തൊഴിൽ കാർഡ് പരിശോധിക്കുമെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. ഓൺലൈനിൽ അപ്ലോഡ് ചെയ്ത തൊഴിൽ കാർഡിൽ താരങ്ങളുടെ ചിത്രം കണ്ടത് അത്ഭുതപ്പെടുത്തിയെന്ന് പ്രദേശവാസി സുനിൽ സിംഗ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഖാർഗോൺ ജില്ലാ പഞ്ചായത്ത് സിഇഒ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി, എംപ്ലോയ്‌മെന്റ് അസിസ്റ്റന്റ്, സർപഞ്ച് എന്നിവർക്കാണ് തൊഴിൽ കാർഡിന്റെ ഉത്തരവാദിത്തമെന്നും സിഇഒ പറഞ്ഞു.