എല്‍ഡിഎഫില്‍ അസംതൃപ്തരായ കക്ഷികളെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നു- കെ സുധാകരന്‍

കോഴിക്കോട്/ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് വരുവാന്‍ താല്പര്യമുള്ളവരെ സ്വാഗതം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷ മുന്നണിയില്‍ വലതുപക്ഷ ആശയങ്ങള്‍ ഉള്ളവര്‍ക്ക് അധികകാലം നില്‍ക്കുവാന്‍ കഴിയില്ല. അധികാരം ലഭിക്കുക എന്ന ഏക അജണ്ടയില്‍ തൃപ്തരാകാത്ത നിരവധി കക്ഷികള്‍ എല്‍ഡിഎഫില്‍ ഉണ്ടെന്ന് കെ സുധാകരന്‍ ചിന്തന്‍ ശിബിരത്തില്‍ പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണം സര്‍വനാശമാണ് ഉണ്ടാക്കുന്നത് ഈ പ്രതിസന്ധി മറികടക്കുവാന്‍ കോണ്‍ഗ്രസും യുഡിഎഫും വേണ്ടത് എല്ലാം ചെയ്യും. ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് നേരിടുന്നത്. കേന്ദ്രത്തില്‍ നിന്നും ബിജെപിയുടെ പന്തുണ ലഭിച്ചില്ലായിരുന്നുവെങ്കില്‍ മുമ്പ് തന്നെ പിണറായി വിജയന്‍ രാജിവെക്കുമായിരുന്നെന്നും കെ സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിച്ച് വിടുന്നതിനാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയതെല്ലാം. കോണ്‍ഗ്രസ് പുനസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. വനിതക പ്രവര്‍ത്തകരുടെ പരാതികള്‍ പരിഹരിക്കുവാന്‍ ആഭ്യന്തരപരാതി പരിഹാര കമ്മറ്റികള്‍ രൂപികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.