പിഎന്‍ബി മുൻ ബ്രാഞ്ച് മാനേജർ അടിച്ചു മാറ്റിയത് കോഴിക്കോട് കോർപ്പറേഷന്റെ 12.68 കോടി രൂപ

കോഴിക്കോട്: പിഎന്‍ബി മുൻ ബ്രാഞ്ച് മാനേജർ നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങൾ ഒന്നൊന്നായി പുറത്ത് വരികയാണ്. കോഴിക്കോട് കോർപറേഷന്റ 12 കോടി 68 ലക്ഷം രൂപ മാനേജർ തട്ടിയതായാണ് പോലീസിന്റെ കണ്ടെത്തൽ. ക്രമക്കേട് നടന്ന ലിങ്ക് റോഡ് ശാഖയിൽ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണിത് സ്ഥിരീകരിച്ചത്. കോര്‍പറേഷന്റ നഷ്ടപ്പെട്ട 12.68 കോടിയില്‍ 2.53 കോടി തിരികെ കിട്ടി. ബാക്കി പത്തു കോടി ഏഴുലക്ഷം രൂപയും പലിശയുമാണ് കിട്ടാനുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി.

ക്രമക്കേട് നടത്തിയ എം.പി റിജിലിന്റ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കോർപറേഷനിലേയും ബാങ്കിലേയും ഉന്നത ഉദ്യാഗസ്ഥർ തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണിതെന്നും, ലിങ്ക് റോഡ് ശാഖയിൽ നിന്ന് താന്‍ സ്ഥലം മാറി പോയതിനുശേഷമാണ് ക്രമക്കേട് നടന്നതെന്നും റിജിൽ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് ബാങ്ക് നിഷേധിച്ചു.

പി.എന്‍.ബിയില്‍ കിട്ടാനുള്ള പണത്തിന്റെ കണക്കില്‍ കൃത്യതവരുത്തിയെന്ന് കോഴിക്കോട് മേയര്‍ . കോര്‍പറേഷന്റെ അക്കൗണ്ടുള്ള ബാങ്കുകളോട് എല്ലാ ദിവസവും സ്റ്റേറ്റ്മെന്റ് തരാന്‍ ആവശ്യപ്പെടുമെന്നും മേയര്‍ ബീന ഫിലിപ് പറഞ്ഞു.