പുഴ മുതൽ പുഴ വരെ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് രാമസിംഹൻ അബൂബക്കർ

രാമസിംഹൻ അബൂബക്കറെന്ന അലി അക്ബർ‌ സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 3 ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് രാമസിംഹൻ തന്നെയാണ് അറിയിച്ചത്. കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകർ ഈ സിനിമയും ഏറ്റെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും രാമസിംഹൻ സോഷ്യൽ മീഡിയയിൽ കുറിച്ചു

1921ലെ മലബാറിൻറെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തൻറെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ തങ്ങൾ ചെയ്യാനിരുന്ന സിനിമയിൽ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിർമ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് ‘വാരിയംകുന്നൻ’ രണ്ട് ഭാഗങ്ങളിലായി നിർമ്മിക്കുമെന്ന് നിർമ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരുന്നു.

‘മമ ധർമ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹൻ ഈ ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ എത്തുന്നത് തലൈവാസൽ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകൾ സെൻസർ ബോർഡ് നിർദേശിച്ചിരുന്നതായും സംവിധായകൻ അറിയിച്ചിരുന്നു.